എണ്ണ ഇറക്കുമതിക്ക് സ്വകാര്യ കമ്പനികളെ അനുവദിക്കും -ശ്രീലങ്കൻ മന്ത്രി
text_fieldsകൊളംബോ: സ്വകാര്യ കമ്പനികൾക്ക് എണ്ണ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്ന് ശ്രീലങ്കൻ വൈദ്യുതി-ഊർജ മന്ത്രി കാഞ്ചന വിജെശേഖര. സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷനിലെ പ്രതിസന്ധി മറികടക്കാനാണ് തീരുമാനം.
ഡോളറിനെതിരെ ശ്രീലങ്കൻ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞതും യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയർന്നതുമടക്കമുള്ള കാരണങ്ങളാണ് രാജ്യത്ത് എണ്ണ ഇറക്കുമതി പ്രതിസന്ധിയിലാക്കിയത്. വ്യവസായശാലകളുടെ സുഗമമായ നടത്തിപ്പിനായി രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് എണ്ണയും ഡീസലും ഇറക്കുമതി ചെയ്യാനാണ് അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 82 രൂപയും 111 രൂപയും വർധിപ്പിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഏപ്രിൽ 19നു ശേഷം ആദ്യമായാണ് പെട്രോളിനും ഡീസലിനും ഇത്രയേറെ വില കൂട്ടിയത്. ഇപ്പോൾ ഒരു ലിറ്റർ ഒക്ടേൻ 92 പെട്രോളിന് 420 രൂപയും ഡീസലിന് 400 രൂപയുമാണ്. അതോടൊപ്പം പാചകവാതകത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും അവശ്യമരുന്നിന്റെയും വില കുതിച്ചുയരുന്നതും വൈദ്യുതി ക്ഷാമവും ജനജീവിതം ദുസ്സഹമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.