ഇനി നിങ്ങളുടെ ഊഴമാണ്, ഡോക്ടർ; സിറിയൻ ആഭ്യന്തര യുദ്ധത്തിന് ഇന്ധനം പകർന്നത് 14കാരൻ ചുവരിൽ കോറിയിട്ട ഈ വാക്കുകൾ
text_fieldsഡമസ്കസ്: 2011ന്റെ തുടക്കത്തിലാണ് തെക്കൻ സിറിയയിലെ ദാരാ നഗരത്തിലെ തെരുവിൽ ഒരു കൗമാരക്കാരൻ വരച്ചിട്ട ചുവർ ചിത്രം ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. സിറിയൻ ഭരണാധികാരി ബശ്ശാർ അൽ അസദിനെതിരെയായിരുന്നു ആ ചുവരെഴുത്ത്. 14 വയസ് മാത്രം പ്രായമുള്ള മൗവവിയ സസ്നേഹ് കോറിയിട്ട ആ വാക്കുകളാണ് സിറിയൻ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം ആളിക്കത്തിക്കാനുള്ള ഇന്ധനമായി തീർന്നത്. ഇത് നിങ്ങളുടെ ഊഴമാണ് ഡോക്ടർ, എന്ന് ബശ്ശാറിനെതിരായ വിധിയെഴുത്തു വരുന്നു എന്ന് ചുവരിൽ ചായം കൊണ്ടെഴുതുമ്പോൾ, അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് ആ ബാലൻ ഓർത്തിരിക്കില്ല. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഭ്യന്തരയുദ്ധത്തിന് പ്രചോദനമായി മാറിയത് ഈ ചുവരെഴുത്തായിരുന്നു.
സുഹൃത്തിനെയും തന്നെയും പ്രാദേശിക പൊലീസിന്റെ ക്രൂരമായ തല്ലിച്ചതച്ചതാണ് മൗവവിയയെ ഭരണകൂടത്തിന് എതിരെ തിരിയാൻ പ്രേരിപ്പിച്ചത്. തങ്ങളുടെ പ്രതിഷേധം അറിയാവുന്ന ഭാഷയിൽ കേൾപ്പിക്കുകയായിരുന്നു ആ കുട്ടി. ബശ്ശാറിന്റെ രഹസ്യപൊലീസ് അവരെ 26 ദിവസമാണ് തടങ്കലിൽവെച്ചത്. ക്രൂരമായ പീഡനമായിരുന്നു തടങ്കലിൽ അവർ നേരിട്ടത്. അവരുടെ മോചനത്തിനായി പ്രതിഷേധിച്ച മാതാപിതാക്കളെയും മറ്റുള്ളവരെയും കണ്ണീർവാതകവും റബർ ബുള്ളറ്റുമുപയോഗിച്ച് പൊലീസ് തെരുവിൽ നേരിട്ടു.
അങ്ങനെ ബശ്ശാറിന്റെ ഭരണത്തിനെതിരെ തെരുവിലിറങ്ങാൻ ജനം തീരുമാനിച്ചു. സമാധാനപരമായി പ്രകടനം നടത്തിയവർക്ക് നേരെ സുരക്ഷാ സേന വെടിയുതിർക്കുകയും വിമതരെ തടവിലിടുകയും എണ്ണമറ്റ സിറിയക്കാരെ പീഡനത്തിന് വിധേയരാക്കുകയും ചെയ്തു. അറബ് വസന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയ കലാപം രക്തരൂക്ഷിതമായ ഒരു സംഘട്ടർഷത്തിലേക്ക് നീങ്ങാൻ അധിക കാലതാമസമുണ്ടായില്ല. അയൽരാജ്യങ്ങളായ തുനീസ്യയിലും ഈജിപ്തിലും അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിറിയ തീപ്പന്തമായി എരിഞ്ഞു. 2011 മാർച്ചിലാണ് ബശ്ശാറിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
2011 ജൂലൈയിൽ സിറിയയിൽ ഫ്രീ സിറിയൻ ആർമി ഉയർന്നുവന്നു. ബശ്ശാർ അൽ അസദിന്റെ സൈന്യത്തിൽ നിന്ന് കൂറുമാറിയവർ ഉൾപ്പെടെ അതിൽ ചേർന്നു. എന്നാൽ അത് ഭരണകൂടത്തിനെതിരായ ഏകീകൃത യുദ്ധമുഖമായി മാറിയില്ല. ഇത് മുതലെടുത്ത് രാജ്യത്തെ ഐ.എസ് പോലുള്ള ഭീകരസംഘടനകൾ വളർന്നു. പ്രക്ഷോഭത്തെ ബശ്ശാർ അടിച്ചമർത്തി.
13 വർഷങ്ങളോളം ആഭ്യന്തരയുദ്ധത്തിന്റെ ഭീകരത പേറി സിറിയൻ ജനത ജീവിച്ചു. അഞ്ചരലക്ഷം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 1.3 കോടി ആളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്തു.
സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തെരുവിൽ ആഘോഷിക്കുകയാണ് മുറിവേറ്റ ആ ജനത.
ആഭ്യന്തരയുദ്ധത്തോടെ തകർന്നടിഞ്ഞ രാജ്യത്തിന്റെ അധികാരം കൈവിട്ടു പോകാതിരിക്കാൻ ബശ്ശാർ നടത്തിയ ശ്രമങ്ങൾക്ക് കൂടിയാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്. നേത്രരോഗ വിദഗ്ധനായിരുന്ന ബശ്ശാർ 2000ത്തിലാണ് പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി പ്രസിഡൻറായി അധികാരമേറ്റത്. നവംബർ അവസാനത്തോടെ വടക്കു പടിഞ്ഞാറൻസിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ സംഘങ്ങൾ നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് ഇപ്പോൾ ബശ്ശാറിന്റെ പതനത്തിലേക്ക് നയിച്ചിരിക്കുന്നത്. എപ്പോഴും ബശ്ശാറിന്റെ സഹായികളായിരുന്നത് റഷ്യയും ഇറാനുമായിരുന്നു. ഇക്കുറി സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ പെട്ടതോടെ സിറിയയിലെ ആഭ്യന്തര സംഘർഷത്തിൽ സഹായമായി എത്താൻ അവർക്ക് പെട്ടെന്ന് സാധിച്ചില്ല. അതോടെ സിറിയൻ തലസ്ഥാനം പിടിച്ചെടുക്കാൻ വിമതർക്ക് അധികസമയം വേണ്ടിവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.