‘ഇസ്രായേൽ വിരുദ്ധതക്ക് പ്രചോദനമാകുന്നു’; ഫലസ്തീൻ ഗായകൻ മുഹമ്മദ് അസ്സാഫിന്റെ പാട്ടിന് വിലക്ക്
text_fieldsപ്രശസ്ത ഫലസ്തീൻ ഗായകനും അറബ് ഐഡൾ റിയാലിറ്റി ഷോ ജേതാവുമായ മുഹമ്മദ് അസ്സാഫിന്റെ ഗാനം സ്പോർട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ സംഗീത പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കി. പ്രശസ്ത ഫലസ്തീൻ ഗാനമായ ‘അന ദമ്മി ഫലസ്തീനി’ (എന്റെ രക്തം ഫലസ്തീന്റേതാണ്) എന്ന ഗാനമാണ് ഇസ്രായേലിനെതിരെ തിരിയാൻ പ്രചോദനമാകുന്നു എന്ന പേരിൽ നീക്കം ചെയ്തത്. 2015ൽ റിലീസ് ചെയ്ത ഗാനമാണിത്.
നടപടി സംബന്ധിച്ച് തനിക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചെന്നും തീരുമാനമറിഞ്ഞ് ഞെട്ടിയെന്നും മുഹമ്മദ് അസ്സാഫ് പ്രതികരിച്ചു. സയണിസ്റ്റ് അധിനിവേശത്തിനെതിരായ ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന് തന്റെ പാട്ടുകൾ പ്രേരകമാകുന്നു എന്നത് കൂടുതൽ അഭിമാനമുണ്ടാക്കുന്നെന്നും എല്ലാ ഫലസ്തീനികളുടെയും സ്വതന്ത്രരായ മനുഷ്യരുടെയും ഹൃദയങ്ങളിൽ അത് സംരക്ഷിക്കപ്പെടുമെന്നും 33കാരൻ പ്രതികരിച്ചു.
ദേശസ്നേഹ ഗാനങ്ങളാൽ ശ്രദ്ധേയനായ അസ്സാഫിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുണ്ട്. 2013ൽ അറബ് ഐഡൾ റിയാലിറ്റി ഷോ വിജയിച്ച അസ്സാഫിനെ യു.എൻ ഏജൻസിയായ യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ലു.എ) ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഗുഡ്‍വിൽ അംബാസഡറായി നിയമിച്ചിരുന്നു. ഫലസ്തീൻ സർക്കാറും അവരുടെ കല-സാംസ്കാരിക അംബാസഡറായി അസ്സാഫിനെ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.