'യു.എസ് കപ്പലുകൾക്ക് ഗൾഫിലേക്ക് പ്രവേശനമില്ല; ആ മോഹവുമായി ട്രംപ് മണ്ണടിയും': ഇറാൻ സൈനിക മേധാവി
text_fieldsതെഹ്‌റാൻ: പേർഷ്യൻ ഗൾഫിലേക്ക് ഒരു സാഹചര്യത്തിലും അമേരിക്കൻ യുദ്ധക്കപ്പലുകളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും, ആ മോഹവും പേറി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണ്ണടിയുമെന്നും ഇറാന്റെ മുന്നറിയിപ്പ്. യു.എസും ഇസ്രായേലും ഇറാന് നേരെ പുതിയ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നുവെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണം പുറത്തുവന്നത്.
ഈ വാരാന്ത്യത്തിൽ തന്നെ ഇറാന് നേരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണം ഉണ്ടായേക്കാമെന്ന് തുർക്കിയിലെ യു.എസ് അംബാസഡർ ടോം ബാരക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ സൈനിക നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
'ട്രംപിന്റെ ആഗ്രഹം വെറും സ്വപ്നമായി അവശേഷിക്കും': ഇറാൻ
ഒരു കാരണവശാലും പേർഷ്യൻ ഗൾഫിലേക്ക് യു.എസ് സൈന്യത്തിന് വഴിതുറക്കില്ലെന്ന് ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുല്ലാഹി ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു.
"ഒരു സാഹചര്യത്തിലും, ഒരു സമയത്തും യു.എസ് യുദ്ധക്കപ്പലുകളെ പേർഷ്യൻ ഗൾഫിലേക്ക് കടക്കാൻ ഞങ്ങൾ അനുവദിക്കില്ല.
തങ്ങളുടെ സായുധ സേന പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് കാണാൻ യു.എസ് പ്രസിഡന്റ് ഇനിയും സ്വപ്നം കാണേണ്ടിവരും. ആ മോഹവും പേറിയാകും അദ്ദേഹം മണ്ണടിയുക."
— അലി അബ്ദുല്ലാഹി തുറന്നടിച്ചു.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതൽ ആഗോള ഊർജ ഇടനാഴിയായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെ അമേരിക്കയും നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹുർമുസിൽ രണ്ട് സൂപ്പർ ടാങ്കറുകൾ തകർത്തു; കടലിൽ ഉപേക്ഷിച്ചു
ഹുർമുസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ മുൻകൂർ അനുമതി തേടണമെന്ന് ഇറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ്സ് (ഐആർ.ജി.സി) ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ച നിരവധി കപ്പലുകൾ കഴിഞ്ഞ ദിവസങ്ങളിൽ കടൽ മൈനുകളിൽ തട്ടി തകർന്നിരുന്നു. 4.5 ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച രണ്ട് കൂറ്റൻ സൂപ്പർ ടാങ്കറുകൾ മൈൻ സ്ഫോടനത്തിൽ തകർന്നതിനെ തുടർന്ന് കടലിൽ ഉപേക്ഷിക്കപ്പെട്ടതായി റവല്യൂഷണറി ഗാർഡ്സ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. സ്ഫോടനത്തിലും തുടർന്നുണ്ടായ വൻ തീപിടുത്തത്തിലും കപ്പലുകളുടെ എഞ്ചിൻ മുറികൾ പൂർണമായി പ്രവർത്തനരഹിതമായതായി ഗാർഡ്സിന്റെ ഔദ്യോഗിക വാർത്താ വെബ്സൈറ്റായ സെപാഹ് ന്യൂസ് വ്യക്തമാക്കി.
സാധാരണ നിലയിൽ ലോകത്തെ മൊത്തം എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയാണ് ഹുർമുസ് കടലിടുക്ക്. സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണി കടുത്ത ആശങ്കയിലാണ്.

