ഗസ്സയിൽ കരയാക്രമണത്തിനൊരുങ്ങി ഇസ്രായേൽ
text_fieldsജറൂസലം: 2014ലേതിനു സമാനമായി ഗസ്സയിൽ ഇസ്രായേൽ കരയാക്രമണത്തിന് കോപ്പുകൂട്ടുന്നു. കരസേന ഗസ്സ കടന്നതായി വ്യാഴാഴ്ച ആദ്യം വെളിപ്പെടുത്തിയ ഇസ്രായേൽ പിന്നീട് പിൻവലിച്ചെങ്കിലും അതിർത്തികളിൽ സേനാവിന്യാസം ശക്തിപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ടാങ്കുകളുടെ സഹായത്തോടെയാണ് സൈനിക നീക്കം ഒരുങ്ങുന്നത്. മുന്നോടിയായി ഗസ്സയിലുടനീളം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത നാശംവിതച്ച് ബോംബർ വിമാനങ്ങൾ തീ തുപ്പുന്നത് തുടരുകയാണ്.
വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇസ്രായേൽ സൈന്യം ഔദ്യോഗിക കുറിപ്പിൽ കരയാക്രമണം ആരംഭിെച്ചന്ന് വ്യക്തമാക്കിയത്. എന്നാൽ, കരസേന അതിർത്തി കടന്നിട്ടില്ലെന്ന് പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കി. ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത് വൈകാതെ കരസേന പ്രദേശത്തേക്ക് കടന്നുകയറുന്നതിന്‍റെ ഭാഗമാണോയെന്ന് വ്യക്തമല്ല. 7,000 റിസർവ് സേനയെ ഉൾപെടെ തിരിച്ചുവിളിച്ച് കരസേന പൂർണസജ്ജമായി നിൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സർക്കാർ അംഗീകാരം നൽകുന്നതോടെ ആരംഭിക്കുമെന്നാണ് സൂചന.
വെള്ളിയാഴ്ചയും ഗസ്സ പട്ടണത്തിൽ കനത്ത ബോംബുവർഷം തുടരുകയാണ്. പട്ടണം അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയായതിനാൽ നിരന്തര ആക്രമണം നഗരത്തെ സമ്പൂർണമായി തകർക്കുമെന്നാണ് ആശങ്ക.
അതിനിടെ അറബികളും ജൂതരും ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളിൽ തീവ്രജൂത വിഭാഗങ്ങൾ അഴിച്ചുവിടുന്ന ആക്രമണം സർക്കാറിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കാറുകൾ കത്തിച്ചും സ്വത്തുക്കൾ നശിപ്പിച്ചും വ്യക്തികൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടുമാണ് ഇവിടെ തീവ്ര സംഘങ്ങൾ അഴിഞ്ഞാടുന്നത്. ആഭ്യന്തര സംഘട്ടനമായി മാറിയാൽ രാജ്യത്തിന്‍റെ അസ്തിത്വം തകരുമെന്ന് ഇസ്രായേൽ പ്രസിഡന്‍റ് റ്യൂവെൻ റിവ്ലിൻ മുന്നറിയിപ്പ് നൽകി.
ബീർഷെബ, നെഗേവ്, ടിബെരിയാസ്, ഹൈഫ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സമാനമായി തീവ്ര ജൂത സംഘങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. വ്യക്തികൾക്കു നേരെ സംഘടിത ആക്രമണങ്ങൾ വ്യാപകമായി ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. രാജ്യം നെതന്യാഹുവിന് കീഴിൽ സമ്പൂർണ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡ് കുറ്റപ്പെടുത്തി.
അതിനിടെ, ഇസ്രായേൽ സൈനിക ക്രൂരതകളിൽ പ്രതിഷേധവുമായി ഇറങ്ങിയ 400 ഓളം ഫലസ്തീനികളെ വെസ്റ്റ് ബാങ്കിൽ അറസ്റ്റ് ചെയ്തു. മറ്റൊരു നഗരമായ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.