കണ്ണേ മടങ്ങുക! ഐ.സി.യുവിൽ കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ... അൽ നാസർ ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsഗസ്സ: ഹൃദയം തകർന്നല്ലാതെ ഈ കാഴ്ചകൾ നിങ്ങൾക്ക് കാണാനാവില്ല. ജനിച്ച് ദിവസങ്ങളും മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ... മരുന്നിന്റെ മണത്തിന് പകരം എങ്ങും മരണത്തിന്റെ മണം... മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും കിടക്കകളിലും പുഴുവരിക്കുന്നു...
ഏതുസാഹചര്യത്തിലും ഏറ്റവും സുരക്ഷിതമെന്ന് പരിഷ്കൃത ലോകം കരുതുന്ന ഒരു ആശുപത്രി മുറിക്കുള്ളിലെ ദൃശ്യങ്ങളാണിത്. ഗസ്സയിലെ അൽ നാസർ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിലെ നടുക്കുന്ന കാഴ്ച! നിരന്നു കിടക്കുന്ന ഐ.സി.യു കിടക്കകളിൽ പരിചരണം കിട്ടാതെ മരിച്ച് ദ്രവിച്ച അഞ്ച് പിഞ്ചോമനകളുടെ ശവശരീരങ്ങൾ....
മൂന്നാഴ്ച മുമ്പാണ് ഈ ആതുരാലയത്തിന് നേരെ ഇസ്രായേൽ സൈന്യം കണ്ണിൽചോരയില്ലാത്ത ആക്രമണം നടത്തിയത്. രോഗികളെയും ഡോക്ടർമാരെയും കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, ഐ.സി.യുവിൽ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ കുട്ടികൾ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങി... ഹമാസിന്റെ താവളമാണെന്നാരോപിച്ചാണ് ഇസ്രായേൽ അധിനിവേശ സേന അൽ നാസർ ആശുപത്രി ഒഴിപ്പിച്ചത്. ആശുപത്രിക്ക് നേരെ കനത്ത ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
വെടിനിർത്തലിന്റെ നാലാം ദിവസം ആശുപത്രിക്കുള്ളിൽ കടന്ന അൽ മശ്ഹദ് ടി.വി ലേഖകൻ മുഹമ്മദ് ബലൂശയാണ് ഐ.സി.യു കിടക്കകളിലെ കുട്ടികളുടെ ചീഞ്ഞളിഞ്ഞ മൃതദേഹത്തിന്റെ ദൃശ്യം പുറത്തെത്തിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണ് ഇതിനെ തുടർന്ന് ഇസ്രായേലി സേനക്കെതിരെ ഉയരുന്നത്. മനുഷ്യത്വത്തിനെതിരായ ക്രൂരകൃത്യം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.
മൃതദേഹങ്ങൾ കിടക്കകളിൽനിന്ന് നീക്കാനും ഖബറടക്കാനും പോലും സൈന്യം അനുമതി നൽകിയില്ലെന്ന് ആശുപത്രി ഡയറക്ടർ ഡോ. മുസ്തഫ അൽ കഹ്‍ലൂത് പറഞ്ഞു.
കുട്ടികളുടെ അവസ്ഥയെക്കുറിച്ച് നേരത്തേ റെഡ്ക്രോസ് അടക്കം അന്താരാഷ്ട്ര സംഘടനകൾക്ക് വിവരം നൽകിയിരുന്നു. കുട്ടികൾ മരണത്തിന്റെ വക്കിലാണെന്ന് ഇസ്രായേലി സൈനിക ഓഫിസർമാരെയും അറിയിച്ചു. എന്നാൽ, പ്രതികരണം ആശാവഹമല്ലായിരുന്നു. കനത്ത ആക്രമണമാണ് ആശുപത്രിക്കുനേരെ ഇസ്രായേൽ സേന നടത്തിയത്. സംഭവത്തെക്കുറിച്ച് സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.