ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയണം; അന്ത്യശാസനം നൽകി എം.പിമാർ
text_fieldsഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ലിബറൽ പാർട്ടി അംഗങ്ങൾ. അടുത്തയാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് എം.പിമാരുടെ അന്ത്യശാസനം. ലിബറൽ പാർട്ടി എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിൽ 20 എം.പിമാർ ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 28നകം ട്രൂഡോ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
പാർലമെന്റിൽ 153 ലിബറൽ പാർട്ടി അംഗങ്ങളുണ്ട്. ഇവരുടെ വ്യാപക പിന്തുണ വിമത നീക്കത്തിന് ഇല്ലെന്നാണ് റിപ്പോർട്ട്. വിമത നീക്കം ട്രൂഡോയുടെ രാഷ്ട്രീയഭാവിയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും പാർട്ടിക്ക് ഒരു ബദൽ നേതാവ് ഉയർന്ന് വരാത്തത് അദ്ദേഹത്തിന് ഗുണകരമാവുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിപദത്തിൽ ഒമ്പതാം വർഷം പിന്നിടുന്ന ട്രൂഡോയുടെ ജനപ്രീതിക്ക് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പല അഭിപ്രായ സർവേകളിലും എതിർ പാർട്ടിയായ കൺസർവേറ്റീവുകൾ 20 പോയിന്റ് മുന്നിലാണ്. രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റതോടെയാണ് ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായത്.
ഉപതെരഞ്ഞെടുപ്പിലെ തോൽവി ട്രൂഡോ സർക്കാറിന്റെ ജനപ്രീതി ഇടിഞ്ഞതിന്റെ തെളിവായാണ് വിലയിരുത്തുന്നത്. കാനഡയിൽ ജീവിത ചെലവ് ഉയർന്നതും വീടുകൾക്ക് ക്ഷാമമുണ്ടായതും നയങ്ങളിലെ പരാജയവും ട്രൂഡോയുടെ ജനപ്രീതി ഇടിയുന്നതിനുള്ള കാരണങ്ങളാണ്. 2025ൽ കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.