മോദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ ബംഗ്ലാദേശിൽ വ്യാപക അറസ്റ്റ്
text_fieldsധാക്ക: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തിന്‍റെ പേരിൽ ബംഗ്ലാദേശിൽ വ്യാപക അറസ്റ്റ്. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇസ്ലാമിക് ഗ്രൂപ്പായ ഹെഫാസത്തെ ഇസ്ലാമിന്റെ പ്രവർത്തകരെയും നേതാക്കളെയുമാണ് വ്യാപകമായി അറസ്റ്റ് ചെയ്യുന്നത്.
ബംഗ്ലാദേശ് സ്വാതന്ത്യം നേടിയതിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പെങ്കടുക്കാനാണ് കഴിഞ്ഞ മാസം നരേന്ദ്ര മോദി ധാക്കയിലെത്തിയത്. ഇന്ത്യയിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ വിവേചനം പ്രചരിപ്പിക്കാനും നേതൃത്വം നൽകുന്ന മോദിയെ രാജ്യത്ത് ക്ഷണിതാവായി കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം.
പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ ചുരുങ്ങിയത് 13 ഹെഫാസത്ത് പ്രവർത്തകരെങ്കിലും മരിച്ചിട്ടുണ്ട്. പ്രക്ഷോഭകർ ഹൈവേകൾ ഉപരോധിക്കുകയും പൊലീസ് സ്റ്റേഷനടക്കമുള്ള സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. ധാക്കയിൽ ബൈത്തുൽ മുകർറം മസ്ജിദിന് പുറത്ത് പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
നുറുകണക്കിന് പ്രക്ഷോഭകരെയാണ് കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഹെഫാസത്തെ ഇസ്ലാം ജോയിന്‍റ് സെക്രട്ടറി മമ്മുനുൽ ഹഖ് ഞായറാഴ്ച അറസ്റ്റ്ിലായി. കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് 47 കാരനായ മമ്മുനുൽ ഹഖിനെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത്.
298 ഹെഫാസത്തെ പ്രവർത്തകരെ ബ്രഹ്മൻബാരിയ ജില്ലയിൽ നിന്ന് മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മോദിയുടെ സന്ദർശനത്തിനെതിരായ പ്രക്ഷോഭങ്ങളുടെ വിഡിയോ പരിശോധിച്ചാണ് പ്രക്ഷോഭകരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
23 നേതാക്കളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹെഫാസത്തെ വക്താവ് ജാകരിയ്യ നൊമാൻ ഫൊയേസി പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. നേതാക്കൾക്കെതിരെ പൊലീസ് വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2010 ൽ രൂപീകരിച്ച ഹെഫാസത്തെ ഇസ്ലാമിയും പ്രധാനമന്ത്രി ഹസീനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നേരത്തെ തുടങ്ങിയതാണ്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര നായകനും ഹസീനയുടെ പിതാവുമായ ശൈഖ് മുജീബുറഹ്മാന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഹെഫാസത്തെ ഇസ്ലാമി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിമകൾ ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തിയാണ് മുജീബുറഹ്മാന്റെ പ്രതിമ നിർമാണത്തിനെതിരെ ഹെഫാസത്തെ ശബ്ദമുയർത്തിയത്.
മദ്റസകളിലെ വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും വേരോട്ടമുള്ള ഹെഫാസത്തെ രാജ്യത്ത് ഏറ്റവുമധികം പിന്തുണയുള്ള ഇസ്ലാമിക് ഗ്രൂപ്പാണ്. മതനിന്ദക്ക് കടുത്ത ശിക്ഷകൾ നൽകുന്ന നിയമം വേണമെന്ന് ആവശ്യപ്പെട്ട് 2013 ൽ ഹെഫാസത്തെ നയിച്ച പ്രക്ഷോഭത്തിലും നിരവധിയാളുകൾ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.