പിന്തുണ നൽകും, റഷ്യ ആക്രമിച്ചാലും യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ മേധാവി
text_fieldsലണ്ടൻ: റഷ്യ ആക്രമണം നടത്തിയാലും യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കാൻ നാറ്റോക്ക് പദ്ധതിയില്ലെന്ന് സൈനിക സഖ്യത്തിന്‍റെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ്. നാറ്റോയിൽ അംഗമല്ലാത്ത യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ല. എങ്കിലും, യുക്രെയ്ന് ആവശ്യമായ പിന്തുണ നൽകും -അദ്ദേഹം പറഞ്ഞു.
നാറ്റോ അംഗരാജ്യവും യുക്രെയ്നെ പോലെ നാറ്റോ വിലമതിക്കുന്ന പങ്കാളിരാജ്യവും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെയാണ് നാറ്റോ നിലപാട് വ്യക്തമാക്കിയത്. അതേസമയം, റഷ്യ യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്നും തിരിച്ചടി നേരിടേണ്ടി വരുമെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.കെയും റഷ്യൻ കടന്നുകയറ്റത്തിനെതിരെ നിലപാടെടുത്തു കഴിഞ്ഞു.
എന്നാൽ, യുക്രെയ്നെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് റഷ്യ.
അതിർത്തിയിലെ സൈനിക വിന്യാസം മുൻനിർത്തി റഷ്യ യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് യു.എസാണ്. റഷ്യ വീണ്ടും യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ യു.എസും നാറ്റോയും ശക്തമായി പ്രതികരിക്കുമെന്ന് ബൈഡൻ റഷ്യക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ, വീണ്ടുമൊരു യുദ്ധത്തിന് കളമൊരുങ്ങുകയാണോയെന്ന ആശങ്കയിലാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.