ഗോടബയക്കെതിരായ പ്രതിഷേധം യു.എസിൽ മകന്റെ വീട്ടിനു മുന്നിലും
text_fieldsലോസ് ആഞ്ചൽസ്: രാജ്യം വിട്ടോടിയ ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോടബയ രാജപക്സ സിംഗപ്പൂരിൽ നിന്ന് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ ഗോടബയയുടെ മകന്റെ വീടിനു മുന്നിൽ പ്രതിഷേധം. ഗോടബയയുടെ മകൻ മനോജ് രാജപക്സയുടെ ലോസ് ആഞ്ചൽസിലെ വീടിനു മുന്നിലാണ് ശ്രീലങ്കൻ പ്രതിഷേധക്കാർ തടിച്ചു കൂടിയത്.
ജനങ്ങളുടെ രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് ജൂലൈ 13നാണ് ഗോടബയ പ്രസിഡന്റ് സ്ഥനം രാജിവെച്ചത്.
ഗോടബയയുടെ കൈയിലുള്ള പണം ശ്രീലങ്കൻ ജനതയുടെതാണ്. അത് തിരികെ നൽകണം എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജനങ്ങളുടെ പണം കൊള്ളയടിച്ച് ആഢംബര ജീവിതം നയിക്കുകയാണ് ഗോടബയയും കുടുംബവും. ഞങ്ങൾ കുറച്ച്പേർ മാത്രമാണ് ഇപ്പോൾ പ്രതിഷേധത്തിലുള്ളത്. നിങ്ങളുടെ പിതാവ് അദ്ദേഹത്തിന്റെ ഓഫീസും വസ്തുവകകളും ഒഴിവാക്കുന്നില്ലെങ്കിൽ ഞങ്ങൾ ആയിരങ്ങളായി തിരിച്ചുവരും എന്നാണ് പ്രതിഷേധക്കാർ മനോജ് രാജപക്സക്ക് നൽകുന്ന മുന്നറിയിപ്പ്.
മനോജ് രാജപക്സ യു.എസിൽ എത്തിയപ്പോൾ അദ്ദേഹത്തിന് താമസിക്കാൻ ഒരു വീടുപോലും ഇല്ലായിരുന്നു. പിന്നീട് നിരവധി വീടുകൾ അവിടെ വാങ്ങി. ഇത് എങ്ങനെ സാധ്യമാകും. ഇത്രയും തുകക്കുള്ള നിരവധി വസ്തുക്കൾ കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കാൻ എങ്ങനെ കഴിയും? മനോജ് രാജപക്സ തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നേരത്തെ പ്രതിഷേധം ഭയന്ന് രാജപക്സ മാലദ്വീപിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും രക്ഷപ്പെട്ടിരുന്നു. രാജ്യത്തെ രൂക്ഷമായ സമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജനങ്ങൾ പ്രസിഡന്റിന്റെ വസതിയിൽ ഇരച്ചു കയറി പ്രതിഷേധിച്ചതിനു പിറകെയാണ് രാജപക്സ രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.