ഭീതിയായി ഗ്രീൻലൻഡ് മഞ്ഞുമലക്കു മുകളിലും മഴ; ചരിത്രത്തിലാദ്യമെന്ന് ശാസ്ത്രജ്ഞർ
text_fieldsലണ്ടൻ: ഭരണകൂടങ്ങളെ ഭീതിയുടെ മുനയിൽനിർത്തി സമീപകാലത്തായി കാലാവസ്ഥാ വ്യതിയാനം ലോകത്തു സൃഷ്ടിക്കുന്ന വലിയ മാറ്റങ്ങൾ മഹാദുരന്തത്തെ കുറിച്ച ആശങ്കയുണർത്തുന്നവയാണ്. അപ്രതീക്ഷിത മഹാ പ്രളയങ്ങളായും ചുഴലിക്കാറ്റുകളായും മഴക്കുറവായും കാലാവസ്ഥ പല വേഷങ്ങളിലാണ് മുന്നറിയിപ്പ് നൽകുന്നത്.
അതിലൊന്നായി ഗ്രീൻലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും കണക്കാക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ചരിത്രം േരഖപ്പെട്ടു തുടങ്ങിയ കാലങ്ങൾക്കിടയിലെ ആദ്യ മഴയാണ് ഗ്രീൻലൻഡ് മഞ്ഞുമലക്ക് മുകളിലുണ്ടായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 10,551 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ ഏതുകാലത്തും തണുത്തുറയുന്ന കാലാവസ്ഥയാണ്. ഒരിക്കലും മഴക്ക് അനുഗുണമല്ലാത്തത്. എന്നിട്ടും ആഗസ്റ്റ് 14ന് കനത്ത മഴയാണ് ഇവിടെ പെയ്തൊഴിഞ്ഞത്. ഗ്രീൻലൻഡിലുടനീളം അന്ന് 700 കോടി ടൺ ജലം മഴയായി പെയ്തിറങ്ങിയെന്ന് കണക്കാക്കുന്നു.
അന്തരീക്ഷ മർദം 18 ഡിഗ്രിയിൽ നിന്ന മൂന്നു ദിവസത്തിനൊടുവിലായിരുന്നു മഴ. പിന്നാലെ ഗ്രീൻലൻഡിന്‍റെ പല ഭാഗങ്ങളിലും മഞ്ഞുരുക്കം വ്യാപകമായി.
അനിയന്ത്രിതമായി കാലാവസ്ഥ വ്യതിയാനത്തിന് വഴിയൊരുക്കുന്ന മനുഷ്യ ചെയ്തികളാണ് ഇതിനു പിന്നിലെന്നും വലിയ ദുസ്സൂചനകളുള്ളതാണ് സംഭവമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകിയൊലിക്കുന്നതിനടുത്തെത്തിയതായി കഴിഞ്ഞ മേയിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ജൂലൈ മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാകട്ടെ സമീപ കാലത്തെ ഏറ്റവും വലിയ മഞ്ഞുരുക്കവും.
ഗ്രീൻലൻഡിലെ മഞ്ഞ് മൊത്തം ഉരുകിയാൽ ആഗോള കടൽനിരപ്പ് ആറ് മീറ്റർ വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം. ഇതുപക്ഷേ, സംഭവിക്കാൻ സഹസ്രാബ്ദങ്ങളെടുക്കുമെന്നും ഗവേഷകർ പറയുന്നു. സമീപകാലത്ത് ഗ്രീൻലൻഡിൽ മഞ്ഞുരുക്കം ഉയർന്നത് പല പട്ടണങ്ങളെയും ആധിയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.