സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി
text_fieldsവാഷിങ്ടൺ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അദ്ദേഹത്തിന് ഇപ്പോൾ സംസാരിക്കാൻ കഴിയുന്നുണ്ടെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റുഷ്ദിയുടെ ഏജന്റിനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റുഷ്ദിയുടെ ഏജന്റ് ആൻഡ്രു വെയിൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്നും സംസാരിക്കാൻ സാധിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
അതേസമയം, റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാർ സംഭവത്തിൽ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11ഓടെയായിരുന്നു റുഷ്ദിക്ക് കുത്തേറ്റ സംഭവമുണ്ടായത്. ന്യൂയോർക്ക് നഗരത്തിൽനിന്നും 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനിലായിരുന്നു പ്രഭാഷണം. പരിപാടിയിൽ റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് ചാടിക്കയറിയ അക്രമി തുടരെ കുത്തുകയായിരുന്നു.
നൂറുകണക്കിന് പേർ ഈ സമയം സദസ്സിലുണ്ടായിരുന്നു. കുത്തേറ്റ് നിലത്ത് വീണ റുഷ്ദിക്ക് സഹായവുമായി ആളുകൾ ഓടിക്കൂടി. പ്രഥമ ശുശ്രൂഷക്ക് ശേഷം ഹെലികോപ്ടറിൽ റുഷ്ദിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലത്തുവെച്ച് തന്നെ അക്രമിയെ പിടികൂടുകയും ന്യൂയോർക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.