ശ്രീലങ്കയിൽ ഇന്ധന ഇറക്കുമതിക്കും വിൽപ്പനക്കും എണ്ണ ഉൽപ്പാദന രാജ്യങ്ങൾക്ക് അനുമതി
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഇന്ധന ക്ഷാമം തുടരുന്നതിനിടെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ കമ്പനികൾക്ക് രാജ്യത്ത് ഇന്ധനം ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുവദിക്കുമെന്ന് ശ്രീലങ്കൻ വൈദ്യുത- ഊർജ മന്ത്രി കാഞ്ചന വിജശേഖര. ഊർജ ഇടപാടുകൾ സംബന്ധിച്ച ചർച്ചകൾക്കായി മന്ത്രി ഖത്തറിലേക്ക് പോകാനിരിക്കെയാണ് തീരുമാനം.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്ന് പോകുന്നത്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നീ അവശ്യ സാധനങ്ങളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്.
ഇന്ധന ഉപയോഗം കുറക്കുന്നതിന് രാജ്യത്ത് ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സ്കൂളുകളും, സർക്കാർ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻതീരുമാനിച്ചിരുന്നു ആശുപത്രികൾ, ട്രെയിനുകൾ, ബസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് മാത്രം ഇന്ധനം അനുവദിക്കുന്നതിന് വേണ്ടിയാണ് നടപടി. നിലവിൽ സ്റ്റോക്കുള്ള ഇന്ധനം ഒരാഴ്ചയോ അതിൽ കുറഞ്ഞോ മാത്രമേ നിലനിൽക്കൂ എന്നതിനാലാണ് തീരുമാനം.
അതേസമയം സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബങ്കറിംഗ് കമ്പനികൾക്ക് വിമാന ഇന്ധനം ഇറക്കുമതി ചെയ്യാൻ മന്ത്രിസഭ അനുമതി നൽകി. ഇന്ധനക്ഷാമം മൂലം വിമാന സർവീസുകൾ തടസ്സപ്പെടാതിരിക്കാനാണ് മന്ത്രിസഭാ തീരുമാനം. വിമാനക്കമ്പനികൾക്ക് വിതരണം ചെയ്യാൻ ശ്രീലങ്കക്ക് പ്രതിദിനം 1.2 ദശലക്ഷം ലിറ്റർ എ വൺ ജെറ്റ് ഇന്ധനം ആവശ്യമാണെന്നും എന്നാൽ ആവശ്യം നിറവേറ്റാൻ സി.പി.സിക്ക് കഴിയുന്നില്ലെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ശ്രീലങ്കയുടെ വിദേശനാണ്യ പ്രതിസന്ധിയും മറ്റ് വെല്ലുവിളികളും നേരിടാൻ തയ്യാറുള്ള ഒരു ദീർഘകാല ഇന്ധന വിതരണക്കാരനെ ഖത്തറിൽ നിന്ന് കണ്ടെത്താനാകുമെന്നാണ് വിജശേഖര പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് റഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി ആഴ്ചകളോളം ചർച്ചകൾ നടത്തിയിരുന്നതായി വിജശേഖര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.