ശ്രീലങ്ക കൈയടക്കി സൈന്യം; മഹിന്ദ സുരക്ഷിതനെന്ന് അറിയിപ്പ്
text_fieldsകൊളംബോ: തലങ്ങുംവിലങ്ങും പട്ടാളം റോന്ത്ചുറ്റുന്നതിനിടയിലും ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തം. കർഫ്യൂ ലംഘിച്ച് ബുധനാഴ്ചയും ആയിരങ്ങൾ തെരുവിലിറങ്ങി. കര-നാവിക-വ്യോമസേന വിഭാഗങ്ങളെ വിന്യസിച്ചതിനെ തുടർന്ന് മുക്കിലും മൂലയിലും കനത്ത പരിശോധനയാണ്.
പൊതുമുതൽ നശിപ്പിക്കുന്നവരെയോ അക്രമത്തിലേർപ്പെടുന്നവരേയോ കണ്ടാലുടൻ വെടിവെക്കാൻ സേനക്ക് അനുമതി നൽകിയിട്ടുണ്ട്. അതിനിടെ, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജ്യം വിട്ടെന്ന അഭ്യൂഹം ശ്രീലങ്കൻ അധികൃതർ തള്ളി. മഹിന്ദയും കുടുംബാംഗങ്ങളും ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഹൈകമീഷനും വ്യക്തമാക്കി.
ഭരണാനുകൂലികളും സമരക്കാരും ഏറ്റുമുട്ടിയ ചൊവ്വാഴ്ച രാത്രിയാണ് കൊളംബോയിലെ ഔദ്യോഗിക വസതിയിൽനിന്ന് മഹിന്ദയെ സൈന്യം രക്ഷപ്പെടുത്തിയത്. അതിനുശേഷം അദ്ദേഹം എവിടെയാണെന്ന് വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് ട്രിങ്കോമാലി നാവിക താവളത്തിൽ മഹിന്ദ സുരക്ഷിതനായി കഴിയുകയാണെന്ന് പ്രതിരോധ സെക്രട്ടറി ജനറൽ(റിട്ട.)കമാൽ ഗുണരത്നെ മാധ്യമങ്ങളെ അറിയിച്ചത്. അതിനിടെ, പുതിയ പ്രധാനമന്ത്രിയും സർക്കാരും ഈയാഴ്ച തന്നെ ചുമതലയേൽക്കുമെന്ന് പ്രസിഡന്റ് ഗോടബയ രാജപക്സ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.