കാർഷികോൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുന്നു; ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക
text_fieldsവാഷിങ്ടൺ: അമേരിക്കൻ കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ്. മറ്റ് രാജ്യങ്ങൾ ഉയർന്ന തീരുവ ഈടാക്കുന്നതുമൂലം അമേരിക്കൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ട്രംപ് പ്രഖ്യാപിച്ച പകര തീരുവ ബുധനാഴ്ച നടപ്പിൽവരാനിരിക്കേയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരെ അതേ അളവിൽ തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയും മറ്റ് രാജ്യങ്ങളും ഉയർന്ന തീരുവ ചുമത്തുന്നുവെന്നത് ട്രംപിന്റെ കാലങ്ങളായുള്ള വിമർശനമാണ്. പകര തീരുവ നിലവിൽ വരുന്ന ബുധനാഴ്ച അമേരിക്കയുടെ വിമോചന ദിവസം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പകര തീരുവയുടെ വിശദാംശങ്ങൾ ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കും. മറ്റ് രാജ്യങ്ങൾ വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
അമേരിക്കൻ പാലുൽപന്നങ്ങൾക്ക് യൂറോപ്യൻ യൂനിയൻ 50 ശതമാനവും അരിക്ക് ജപ്പാൻ 700 ശതമാനവും കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനവും ബട്ടറിനും ചീസിനും കാനഡ 300 ശതമാനവും തീരുവ ചുമത്തുകയാണ്. അതിനാൽ, അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈ വിപണികളിലേക്ക് എത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ ദശകങ്ങളിൽ നിരവധി അമേരിക്കക്കാർക്ക് ബിസിനസും തൊഴിലും ഇതുമൂലം നഷ്ടമായെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.