പുടിൻ 'വാർ ക്രിമിനൽ' ആണെന്ന് യു.എസ് സെനറ്റ്
text_fieldsവാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ 'വാർ ക്രിമിനൽ' -യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യു.എസ് സെനറ്റ് ചൊവ്വാഴ്ച ഐകകണ്‌ഠേന പാസാക്കി.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച പ്രമേയം, ഇരു പാർട്ടികളുടെയും സെനറ്റർമാരുടെ പിന്തുണയോടെ പാസാക്കുകയായിരുന്നു.
"യുക്രേനിയൻ ജനതക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് വ്ലാദിമിർ പുടിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന കാഴ്ചപ്പാടിൽ ഈ ചേംബറിലെ ഞങ്ങളെല്ലാവരും ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാരും ഒപ്പം ചേർന്നു" -ഡെമോക്രാറ്റിക് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷൂമർ സെനറ്റിലെ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയതുമുതൽ റഷ്യക്കെതിരെ ഉപരോധവുമായി യു.എസ് -നാറ്റോ സഖ്യ രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളും റഷ്യ തുടങ്ങിവെച്ചിട്ടുണ്ട്. യു. എസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർക്കെതിരെ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കും റഷ്യയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരും അതിൽപെടും. ട്രൂഡോയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഉൾപ്പെടെ 313 കനേഡിയൻമാർക്കെതിരെ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ശിക്ഷണ നടപടികൾ പ്രഖ്യാപിച്ചു.
യുക്രെയ്നിലെ റഷ്യയുടെ സൈനിക ഇടപെടലിന് മറുപടിയായി യു.എസ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെയും വിലക്കിയിരുന്നു. റഷ്യക്കുമേൽ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമെന്ന നിലക്കാണ് മറുഉപരോധം.
യു.എസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക്ക് മില്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി എന്നിവരും റഷ്യൻ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.