ചൂടിലും വ്യായാമം മുടക്കേണ്ട; ലോകത്തെ ഏറ്റവും വലിയ എ.സി ജോഗിങ് ട്രാക്ക് തുറന്നു
text_fieldsഉമ്മു അൽ സനീം പാർക്കിന്റെ ഉദ്ഘാടന ശേഷം മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ മറ്റു ഉദ്യോഗസ്ഥർക്കൊപ്പം ജോഗിങ് ട്രാക്ക് സന്ദർശിക്കുന്നു
ദോഹ: ഏത് ചൂടിലും കുളിരോടെ ഓടാനൊരു പാർക്ക്. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കുകീഴിലെ ഉമ്മു അൽ സനീം പാർക്കിന് ഗിന്നസ് റെക്കോഡിൽ ഇടം. ലോകത്തെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്ക് എന്ന റെക്കോഡുമായാണ് ഉമ്മു അൽ സനീം പാർക്ക് ഗിന്നസിൽ ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പാർക്ക് ഉദ്ഘാടനം നിർവഹിച്ചു.
1143 മീറ്റർ ദൂരത്തിലുള്ള ജോഗിങ് ട്രാക്കാണ് ശീതീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഔട്ട്ഡോർ എയർകണ്ടീഷൻഡ് പാർക്ക് എന്ന ഗിന്നസ് ബഹുമതി രണ്ടാഴ്ച മുമ്പ് അധികൃതർ ഏറ്റുവാങ്ങി. ലോകകപ്പിന് മുന്നോടിയായി ഒരുക്കിയ പാർക്ക് കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്കായി തുറന്നുനൽകി. ഏത് കാലാവസ്ഥയിലും ജനങ്ങൾക്ക് സന്ദർശിക്കാനും വ്യായാമം ചെയ്യാനുമുള്ള സംവിധാനത്തോടെ ഒരുക്കിയ പാർക്കിൽ 26 ഡിഗ്രിയായി അന്തരീക്ഷ താപനില നിലനിർത്താൻ കഴിയും.
പൊതുജനങ്ങളുടെ ആരോഗ്യ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 1.30 ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിൽ പാർക്ക് സജ്ജമാക്കിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞു.രാജ്യത്തെ ഹരിത വത്കരണം 2010നേക്കാൾ പത്തു മടങ്ങായി സർക്കാറിന് വർധിപ്പിക്കാൻ കഴിയും. പാർക്കുകൾ, റോഡരികുകളിലും മറ്റുമായി മരം വെച്ചുപിടിപ്പിക്കൽ, ഹരിതവത്കരണം സജീവമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് രാജ്യത്തെ പച്ചപ്പ് വർധിപ്പിച്ചത്.
ഫിറ്റ്നസ് ഉപകരണങ്ങൾ, കുട്ടികളുടെ കളിസ്ഥലം, ജോഗിങ് ട്രാക്ക് ഉൾപ്പെടെയാണ് പാർക്ക് തയാറാക്കിയത്. 1.30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പാർക്കിൽ പ്രതിദിനം 6000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ആകെ പ്രദേശത്തിന്റെ 68 ശതമാനം വരെ ഹരിതവത്കരിച്ചാണ് പാർക്ക് ആകർഷകമാക്കിയത്. 18 തരങ്ങളിലായി 912 മരങ്ങൾ, 820 ചതുശ്ര മീറ്റർ ദൈർഘ്യത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് തീർത്ത ഗ്രീൻ വാൾ എന്നിവയും പാർക്കിന്റെ സവിശേഷതയാണ്.
1135 മീറ്റർ സൈക്ലിങ് ട്രാക്ക്, വ്യായാമത്തിനായി മൂന്നിടങ്ങളിൽ ഫിറ്റ്നസ് ബോക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, വിദഗ്ധ പരിശീലനം വീക്ഷിക്കാൻ സ്ക്രീൻ ഡിസ്പ്ലേ എന്നിവയുമുണ്ട്. രണ്ട് മുതൽ അഞ്ചുവയസ്സുരെയും ആറ് മുതൽ 12 വയസ്സുവരെയുമായി രണ്ട് പ്രായവിഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് സർവിസ് കിയോസ്കുകൾ, ആറ് ഭക്ഷ്യ ബിവറേജ് ഔട്ട്‍ലെറ്റുകൾ, സൈക്കിൾ വാടക കേന്ദ്രം, പാർക്കിങ്, ഗാർഡൻ ഫർണിച്ചർ തുടങ്ങി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
2010ൽ 56 പാർക്കുകളായിരുന്നു രാജ്യത്തെങ്കിലും 2022ഓടെ ഇത് 143 ആയി വർധിച്ചുവെന്ന് പബ്ലിക്ക് പാർക്സ് വിഭാഗം ഡയറക്ടർ മുഹമ്മദ് അലി അൽ ഖൗറി പറഞ്ഞു.രാജ്യത്തെ പച്ചപ്പ് 26.14 ലക്ഷം ചതുരശ്ര മീറ്ററിൽ നിന്നും 4.38 കോടി ചതുരശ്ര മീറ്ററായി ഉയർത്താനും കഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.