മലയാളിക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് പാവയ്ക്ക, അഥവാ കയ്പക്ക, അല്ലെങ്കിൽ പാവൽ. അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ പാവയ്ക്കക്കുണ്ട്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്.
ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ കൃഷി എന്ന് പറയാതെ വയ്യ. കൃഷിക്ക് ആവശ്യത്തിന് സ്ഥലം ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ ചട്ടികളിലും കണ്ടെയ്നറുകളിലും പാവയ്ക്ക വളർത്തിയെടുക്കാം.
വിറ്റാമിൻ സിയുടേയും വിറ്റാമിൻ കെ യുടേയും മികച്ച സ്രോതസ്സാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷി ചെയ്യുകയാണെങ്കിൽ അത് ആരോഗ്യത്തിനും നല്ലതാണ്.
ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ, ഏത്തപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം ഇവയും പാവയ്ക്കയിൽ ഉണ്ട്.
ചൂടുകാലത്താണ് പ്രധാനമായും പാവയ്ക്ക കൃഷി ചെയ്യുന്നത്. പാവയ്ക്ക കൃഷിയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
1. വളർത്താൻ ഉദ്ദേശിക്കുന്ന സ്ഥലം കണ്ടെത്തുക -വയലിലും ടെറസിലും അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം.
2. ഓർഗാനിക് സമ്പുഷ്ടമായ, മണൽ അല്ലെങ്കിൽ പശിമരാശി നന്നായി വറ്റിച്ച മണ്ണ് ഉപയോഗിക്കുക. ചാണകവും കമ്പോസ്റ്റും ചേർന്ന മിശ്രിതവും ഉപയോഗിക്കുന്നത് പാവൽ നന്നായി വളരുന്നതിനും വിളവ് വർധിക്കുന്നതിനും സഹായിക്കുന്നു.
3. പച്ചക്കറി മാർക്കറ്റിൽ നിന്ന് നിങ്ങൾ മേടിക്കുന്ന മൂപ്പേറിയ പാവയ്ക്കയിൽ നിന്നുള്ള വിത്തുകൾ കൃഷിയ്ക്കായി ഉപയോഗിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് മുമ്പത്തെ വിളയിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കാം. ഇനി അതുമല്ലെങ്കിൽ പ്രാദേശിക നഴ്സറിയിൽ നിന്ന് വിത്തുകൾ വാങ്ങാം. (നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിലോ അല്ലെങ്കിൽ ടിഷ്യുവിലോ പൊതിഞ്ഞ് വെക്കുന്നത് പെട്ടെന്ന് മുള പൊട്ടുന്നതിന് സഹായിക്കുന്നു). ശേഷിയേറിയ ഇനങ്ങൾ ലഭ്യമാണ്.
4. എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ട് മണ്ണ് നല്ലത് പോലെ ഇളക്കി തയ്യാറാക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് അര ഇഞ്ച് ആഴത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി വിത്തുകൾ അവയിൽ ഇടുക. രണ്ട് ദ്വാരങ്ങൾക്കിടയിൽ നിങ്ങൾക്ക് ഏകദേശം 12 ഇഞ്ച് ഇടം നൽകാം. കുഴികൾ മണ്ണിട്ട് മൂടി മുകളിൽ കുറച്ച് വെള്ളം തളിക്കുക. ഒരു കലത്തിൽ കുറഞ്ഞത് 2,3 വിത്തുകളെങ്കിലും വിതയ്ക്കുക.
5. വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിലായി വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കുക. ഇത് പച്ചത്തുള്ളൻ, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടിയെ സംരക്ഷിക്കുന്നു.
വിതച്ച് 2-3 ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ച് തുടങ്ങും, 5-6 ആഴ്ചകൾക്കുള്ളിൽ പൂക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. നട്ട് 3 മാസത്തിനുള്ളിൽ പാവയ്ക്ക പറിക്കാൻ പാകമാകും.
1. മണ്ണ് ഈർപ്പമുള്ളതാക്കാൻ പതിവായി ചെടി നനയ്ക്കുന്നത് തുടരാം, പക്ഷേ അധികം നനവ് ചീഞ്ഞു പോകുന്നതിന് കാരണമാകാം.
2. കയ്പക്ക ചെടിക്ക് കയറാൻ 6-8 അടി ഉയരത്തിൽ ഒരു താങ്ങോ വലയോ പന്തലോ ഇട്ടുകൊടുക്കണം.
3. ചെടിയിൽ നിന്ന് പരമാവധി വിളവ് ലഭിക്കുന്നതിന് പ്രൂണിംഗ് വളരെ പ്രധാനമാണ്. മുളച്ച് 3-4 ആഴ്ചകൾക്ക് ശേഷം, ചെടിയ്ക്ക് ചിനപ്പുപൊട്ടൽ വികസിപ്പിക്കാൻ തുടങ്ങും. 2-3 അടി നീളമുള്ള ശാഖകളുടെ അഗ്രഭാഗങ്ങൾ മുറിക്കുക. ചെടി പിന്നീട് പാർശ്വ ശാഖകൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. വേഗത്തിൽ കൂടുതൽ പൂക്കളുണ്ടാകുന്നതിന് സഹായിക്കും.
4. നിങ്ങളുടെ കയ്പ്പച്ചെടിയിൽ ധാരാളം പൂക്കളുണ്ടെങ്കിലും കായ്കൾ ഇല്ലെങ്കിൽ, അത് പരാഗണം നടക്കാത്തതുകൊണ്ടാകാം. വൈവിധ്യമാർന്ന പൂച്ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ട് തേനീച്ചകളെ പ്രോത്സാഹിപ്പിക്കാം.
5. അടുത്ത സീസണിലേക്ക് വിതയ്ക്കുന്നതിന് വേണ്ടി വിത്ത് സൂക്ഷിക്കുന്നതിന് പാവയ്ക്ക നന്നായി മൂത്ത് പഴുക്കുന്നത് വരെ വള്ളിയിൽ തുടരാൻ അനുവദിക്കുക. വിത്തുകൾ തണലുള്ള സ്ഥലത്ത് കഴുകി ഉണക്കി പിന്നീട് വീണ്ടും ഉപയോഗിക്കുന്നതിനായി വായു കടക്കാത്ത ബാഗിൽ സൂക്ഷിക്കുക.
1. രക്തം ശുദ്ധീകരിക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചർമത്തിലെ പാടുകൾ, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.
2. ശരീരഭാരം കുറയ്ക്കുന്നു: കൊഴുപ്പിന്റെ ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങൾ സ്രവിപ്പിക്കാൻ കരളിനെ ഉത്തേജിപ്പിക്കാൻ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ. ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് ഇതു കൊണ്ടുതന്നെ പാവയ്ക്ക മികച്ച ഒരു ചോയ്സ് ആണ്.
3. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു: പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനു സഹായിക്കുന്നു.
4. പ്രമേഹത്തിന്: പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈഡ് പി (Polypeptide P) എന്ന പ്രോട്ടീൻ ഉണ്ട്. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.
5. മുഖക്കുരു അകറ്റുന്നു: മുഖക്കുരു അകറ്റാനും ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
6. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.