കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും സുപ്രധാന സ്ഥാനമാണ് കൃഷിക്കുള്ളത്. കൃഷിക്കാരുടെ ഏറ്റവും വലിയ ആവശ്യം തങ്ങളുടെ ഉൽപന്നങ്ങൾക്ക് മികച്ച വിലയും ഉറപ്പുള്ള വിപണിയുമാണ്. അതിനാൽതന്നെ കൃഷിയിൽ പുതിയ സാധ്യതകളും ഏറെയാണ്. ഇപ്പോൾ ഒട്ടേറെ ആളുകൾ കൃഷിയിൽ തൽപരരും അതിൽനിന്ന് നല്ല രീതിയിൽ ആദായം കണ്ടെത്തുന്നവരുമാണ്.
പഴം പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കമ്പനീസ് നിയമം 1956 സെക്ഷന്‍ 25 പ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കൗസില്‍ കേരളം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവരും അടുത്തടുത്ത് താമസിക്കുന്നവരുമായ കര്‍ഷകരെ ഒരുമിച്ചു ചേര്‍ത്ത് രൂപവത്കരിക്കുന്ന സ്വാശ്രയസംഘങ്ങളാണ് വി.എഫ്.പി.സി.കെ പ്രവര്‍ത്തനങ്ങളുടെ അടിത്തറ.
കേരളത്തില്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ 17 ഇനം പച്ചക്കറി വിത്തുകൾ ഇവിടെനിന്നും വിതരണം ചെയ്യുന്നുണ്ട്. കൗണ്‍സിലിന് കീഴിൽ വിത്തുൽപാദനത്തിൽ പരിശീലനം സിദ്ധിച്ച കര്‍ഷകരാണ് വിത്ത് ഉൽപാദിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ സീഡ് പ്രോസസിങ് പ്ലാന്റാണ് ജനിതകശുദ്ധിയും ഉൽപാദനക്ഷമതയുമുള്ള പച്ചക്കറി വിത്തുകള്‍ ഉൽപാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സംസ്കരിച്ച് വിതരണം നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നത്.
കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കര്‍ഷികോല്‍പാദന ഉപാധികൾ ആവശ്യാനുസൃതം ലഭ്യമാക്കുന്നുണ്ട്. ഇതിനായി എറണാകുളത്തും തിരുവനന്തപുരത്തും കാസര്‍കോടും ഗുണമേന്മയുള്ള ഫലവൃക്ഷങ്ങളുടേയും പച്ചക്കറികളുടേയും തൈകളും വിത്തും വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.
പങ്കാളിത്ത വായ്പ പദ്ധതിവഴി സ്വാശ്രയ സംഘങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വായ്പ യഥാസമയം ലളിതവും സുതാര്യവുമായ വ്യവസ്ഥകളോടെ ബാങ്കുകൾ വഴി കൗണ്‍സിൽ ലഭ്യമാക്കുന്നുണ്ട്. ഇതിനായി 11 ബാങ്കുകളുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
2022ലാണ് പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കുന്നതിന് വി.എഫ്.പി.സി.കെ ചുമതല ഏറ്റെടുക്കുന്നത്. പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ വി.എഫ്.പി.സി.കെയുടെ പ്രവർത്തനമുള്ള സ്ഥലങ്ങളിൽ 68 സംഭരണകേന്ദ്രങ്ങളും വി.എഫ്.പി.സി.കെയുടെ പ്രവർത്തനമില്ലാത്ത മേഖലകളിൽ കർഷക ക്ഷേമം മുൻനിർത്തി 11 മൊബൈൽ സംഭരണകേന്ദ്രങ്ങൾ മുഖേനയുമാണ് പച്ചത്തേങ്ങ സംഭരിച്ചത്.
മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിനും വിളവ് മെച്ചപ്പെടുത്തുന്നതിനും ചേർക്കുന്ന ഈ വളങ്ങൾ സ്വാഭാവികമായി ഉണ്ടാവുന്നതോ കൃത്രിമമായി തയാറാക്കിയതോ ആവാം. മണ്ണ് പരിശോധന നടത്തി ജൈവവളത്തോടൊപ്പം കേരള കാർഷിക സർവകലാശാല നിഷ്കർഷിക്കും പ്രകാരം രാസവളം നൽകുന്നത് ഉൽപാദനം വർധിപ്പിക്കുന്നതിന് സഹായകരമാകും. എന്നാൽ, ജൈവവളം തീരെ ഉപയോഗിക്കാതെയുള്ള അമിതമായ രാസവള പ്രയോഗം മണ്ണിന്റെ ആരോഗ്യം നശിപ്പിക്കുകയും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതുമാണ്.
വിളകളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും കർഷകരുടെ സാമ്പത്തിക ക്ഷേമത്തിന് മാത്രമല്ല ആഗോള ഭക്ഷ്യസുരക്ഷക്കും നിർണായക ഘടകങ്ങളാണ്. എന്നാൽ, കർഷകർ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നാണ് വിളകളിലെ കീടബാധ. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് വിളപരിക്രമണവും വിള തെരഞ്ഞെടുപ്പും നടത്താൻ ശ്രദ്ധിക്കണം.
കൂടാതെ, രോഗ-കീട പ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ കൃഷി, കൃത്യമായ സംയോജിത കീട-രോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവ പുതിയ കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. അമിത രാസ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതും കീടങ്ങളെ ചെറുക്കാനുള്ള ഒരു മാർഗമാണ്.
വേനൽക്കാലത്തും മഴക്കാലത്തുമെന്നപോലെ വിവിധ പച്ചക്കറികൾ തണുപ്പുകാലത്തും കൃഷി ചെയ്യാം. തണുപ്പ് കാലത്ത് മലയോരങ്ങളിൽ മാത്രമല്ല സമതലങ്ങളിലും നല്ല രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളകളാണ് ശീതകാല പച്ചക്കറി ഇനങ്ങൾ.
നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. കേരളത്തിൽ ശീതകാലപച്ചക്കറി കൃഷി തുടങ്ങുന്നത് ഒക്ടോബർ ആദ്യവാരം മുതലാണ്. കാബേജ്, കോളീഫ്ലവർ, കാപ്സിക്കം തുടങ്ങിയവ വിത്ത് മുളപ്പിച്ച് തൈകളാക്കി നവംബർ ആദ്യ വാരത്തോടെ പറിച്ചു നടാവുന്നതാണ്. എന്നാൽ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ വിളകളുടെ വിത്തുകൾ നേരിട്ട് പാകാവുന്നതാണ്. ഏകദേശം ജനുവരി മുതൽ വിളവെടുപ്പ് ആരംഭിക്കും.
നാട്ടിൻപുറത്തായാലും നഗരത്തിലായാലും വീട്ടുവളപ്പിലോ സ്ഥലപരിമിതിയുള്ളവർക്ക് മട്ടുപ്പാവിലോ അടുക്കളത്തോട്ടം ഉണ്ടാക്കാം. അതൊരു സമ്പൂർണ പോഷക തോട്ടമായാൽ വളരെ നന്ന്. നല്ല നീര്‍വാർച്ചയും, വളക്കൂറുമുള്ള മണ്ണാണ് അടുക്കളകൃഷിക്ക് ഉചിതം. അടുക്കളകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ വി.എഫ്.പി.സി.കെ നൽകുന്നുണ്ട്.
ഇതിനാവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ മറ്റ് ഉൽപാദനോപാധികൾ എന്നിവ കൗൺസിലിന്റെ കൃഷി ബിസിനസ് കേന്ദ്രകൾ മുഖേന ലഭ്യമാണ്. ഇതുകൂടാതെ, എച്ച്.ഡി.പി.ഇ/മൺചട്ടികളിൽ പോട്ടിങ് മിശ്രിതം നിറച്ച് പച്ചക്കറി തൈകൾ നട്ട് ആവശ്യക്കാർക്ക് കൊടുക്കുന്നുമുണ്ട്.
മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങൾ വിളകൾക്ക് വെള്ളത്തിലൂടെ ലഭ്യമാക്കുന്നതാണ് ഹൈഡ്രോപോണിക്സ് കൃഷിരീതി. സമയാസമയങ്ങളിൽ വെള്ളത്തിന്റെ അമ്ലത്വം, പോഷകങ്ങളുടെ അളവ് എന്നിവ കൃത്യമായി നിരീക്ഷിക്കേണ്ടത് ഇവിടെ പ്രധാനമാണ്. മണ്ണിൽനിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുന്നതുപോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്തുതന്നെ ചെടികൾ വെക്കാവുന്നതുകൊണ്ട് കുറഞ്ഞ സ്ഥലത്തുതന്നെ വലിയ വിളവുണ്ടാക്കാം.
സമ്മിശ്രകൃഷി ചെയ്യുന്നവർ ഒട്ടേറെ ഉണ്ട് കേരളത്തിൽ. വിവിധ കാർഷിക വിളകൾ കൃഷി ചെയ്യുന്നതോടൊപ്പം കന്നുകാലി, കോഴി, താറാവ്, മത്സ്യം, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളും സംയോജിപ്പിച്ചുള്ള കൃഷിരീതികളാണ് സമ്മിശ്രകൃഷി. ഇതുവഴി കർഷകർക്ക് ഗുണമേന്മയുള്ള ജൈവവളങ്ങൾ സ്വയം ഉൽപാദിപ്പിക്കാനും കൃഷിച്ചെലവ് കുറക്കാനും സാധിക്കും.
കാർഷിക മേഖലയെ വ്യവസായിക സംരംഭമാക്കുന്നതിന് ഉതകുന്നതാണ് ഹൈടെക് കൃഷി രീതികൾ. ഹൈടെക് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതും നല്ല ഉൽപാദനശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഇനങ്ങൾ ലഭ്യമാക്കുന്നതും ഗവൺന്മെന്റ് തലത്തിൽതന്നെ ആവശ്യമായ കൃഷിഭൂമി ലഭ്യമാക്കുന്നെന്നതും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കും. ഹൈടെക് വിപണന രീതികൾ, മൂല്യവർധന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സഹായങ്ങളും യുവതലമുറക്ക് പ്രോത്സാഹനം നൽകും.
സങ്കരയിനം വിത്തുകൾ അത്യുൽപാദനശേഷിയുള്ളതും രോഗ-കീട പ്രതിരോധ ശേഷിയുള്ളതുമാണ്. ഹൈബ്രിഡ് വിത്തുൽപാദനം കർഷകർക്ക് ബുദ്ധിമുട്ടേറിയതാണ്. എന്നാൽ, പുതിയ ഇനം അത്യുൽപാദനശേഷിയുള്ള വിത്തുകൾ ഉൽപാദനം വർധിപ്പിക്കുകയും പരിസ്ഥിതിയോട് പൂർണമായും ഇണങ്ങി നിൽക്കുന്നതുമാണ്. ഇവയിൽനിന്നും കർഷകർക്ക് അടുത്ത കൃഷിക്കായി വിത്തുകൾ ശേഖരിക്കാനും സാധിക്കും.
വേനൽക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം നനയാണ്. വിളകൾക്ക് ആവശ്യമായ വെള്ളം കിട്ടിയില്ലെങ്കിൽ അവ കരിഞ്ഞുണങ്ങിപ്പോകും. ഇതോടെ കർഷകരും പ്രതിസന്ധിയിലാകും. ചൂടും വരണ്ട കാലാവസ്ഥയും മൂലം എത്ര വെള്ളം ഒഴിച്ചാലും മണ്ണിന്റെ ഈർപ്പം അതിവേഗം നഷ്ടപ്പെടും. അതിനാൽ ലഭ്യമായ ജലം പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ് വേനൽക്കാലത്ത് ചെയ്യാവുന്ന പ്രധാനകാര്യം. മാത്രമല്ല, ഒരു ചെടിക്ക് എത്രവെള്ളം ആവശ്യമായി വരും എന്ന് അറിഞ്ഞുവേണം നനക്കാനും.
വെള്ളം സമൃദ്ധമായുള്ളപ്പോൾ ഉപരിതല ജലസേചനമാണ് പല കൃഷിയിടങ്ങളിലും ഉപയോഗിച്ചുപോരുന്നത്. തടങ്ങൾ, പൈപ്പ്, ചാലുകൾ തുടങ്ങിയവ വഴി വലിയ തോതിൽ കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതാണ് ഈ രീതി. എന്നാൽ, വേനൽക്കാലത്ത് ജലദൗർലഭ്യം മൂലം ഈ രീതി സ്വീകാര്യമാവില്ല. മാത്രമല്ല, വൻതോതിൽ ജലം പാഴാകുകയും ചെയ്യും. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് കണിക ജലസേചനം, തിരിനന തുടങ്ങിയവ.
വിളകൾക്ക് ആവശ്യത്തിന് ജലം ലഭിക്കുന്നതിനായി തുള്ളികളായോ ധാരയായോ വെള്ളം നൽകുന്ന സംവിധാനമാണിത്. എമിറ്റേഴ്സ് അഥവാ ഡ്രിപ്പറുകൾ വഴിയാണ് ജലം ചെടികളുടെ വേരിനു സമീപം എത്തിക്കുക. ഈ സംവിധാനത്തിൽ ചെടികൾക്ക് ഏതുസമയവും വെള്ളം ലഭിക്കും തടങ്ങളിൽ ഈർപ്പ സംവിധാനം ഉണ്ടാകുകയും ചെയ്യും. ഏതു കൃഷിരീതിക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
ഗ്രോബാഗിലോ ചട്ടിയിലോ കൃഷിചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന ജലസേചന സംവിധാനമാണ് തിരിനന. ഗ്രോബാഗിലെ ചെടിക്ക് എപ്പോഴും നനവ് ലഭ്യമാകുന്നതാണ് ഈ തിരിനന അഥവാ വിക് ഇറിഗേഷൻ. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയോ പൈപ്പോ ഇതിനായി ഉപയോഗിക്കാം. കുപ്പി കിടത്തിയിട്ടശേഷം ഇരുവശങ്ങളിലുമായി ദ്വാരം ഇടണം. ഒരു വശം കുപ്പിയിൽ വെള്ളം നിറക്കുന്നതിനും മറ്റൊരു വശത്ത് തിരി വഴി ഗ്രോബാഗിലേക്ക് വെള്ളം എത്തിക്കുന്നതിനും ഉപയോഗപ്പെടുത്താം.
കുപ്പിയുടെ മുകളിലാണ് ഗ്രോബാഗ് വെക്കുക. ശേഷം കുപ്പിയിൽ തിരിവെച്ച് ഗ്രോബാഗിന്റെ മധ്യഭാഗത്ത് തീര്‍ക്കുന്ന ദ്വാരത്തിലൂടെ തിരിയുടെ മറ്റേയറ്റം ചെടിയുടെ ചുവട്ടില്‍ എത്തുന്നരീതിയില്‍ വെക്കണം. കുപ്പിയിൽ വെള്ളം നിറച്ചുകൊടുക്കുമ്പോൾ തിരി വഴി ചെടി ആവശ്യമായ വെള്ളം വലിച്ചെടുക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുപ്പിയിൽ വെള്ളമൊഴിച്ചുകൊടുത്താൽ മതി.
മാവില്‍ കായ്കളുണ്ടാകാന് പരപരാഗണം ആവശ്യമാണ്. ഈച്ചകള്‍, ഉറുമ്പുകള്‍, വണ്ടുകള്‍ എന്നിവയിലൂടെ മാവില്‍ പരാഗണം നടക്കുന്നു. കായ്പിടിത്തമുണ്ടായി ഒരുമാസത്തിനുള്ളില്‍തന്നെ 90 മുതല്‍ 99 ശതമാനം കായ്കള്‍ വീണുപോകും. വളര്‍ന്നുവരുന്ന കായ്കള്‍ തമ്മിലുള്ള മത്സരവും സസ്യഹോര്‍മോണുകളുടെ കുറവും കായ്വീഴ്ച കൂടാന്‍ കാരണമാകും. ഇത് കുറക്കാനും വിളവ് വര്‍ധിപ്പിക്കാനുമുള്ള ഉപാധിയാണ് ഹോര്‍മോണ്‍ പ്രയോഗം.
നാഫ്തലിന്‍ അസറ്റിക് ആസിഡ് എന്ന സസ്യ ഹോര്‍മോണ്‍ രണ്ട് മുതല്‍ മൂന്ന് മില്ലിലിറ്റര്‍ വരെ അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലക്കി കായ്പിടിത്തമുണ്ടായി രണ്ടാഴ്ചയ്ക്കുശേഷം കുലകളില്‍ തളിച്ചുകൊടുക്കണം. കടകളില്‍ ‘പ്ലാനോഫിക്സ് 4.5 എസ്.എല്‍’ എന്ന പേരില്‍ ഇത് ലഭ്യമാണ്.
===========
തയാറാക്കിയത്: ബ്ലെസി ബോബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.