Elephant Foot Yam

ചൊറിയനാണെങ്കിലും ആള് കേമനാ; ചേന നമ്മൾ ഉദ്ദേശിച്ചയാളല്ല...

ലയാളികളുടെ ഭക്ഷണത്തിൽ ചേനയുടെ സാന്നിധ്യം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ഒഴിച്ചുകൂടാനാവാത്തതാണ് ചേന. സാമ്പാർ, അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി എന്നിങ്ങനെ നിരവധി കറികളിൽ ചേന പ്രധാനിയാണ്. കിഴങ്ങു വർഗമായ ചേന പോഷകങ്ങളുടെ കലവറയാണ് നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, പ്രോട്ടീന്‍, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയും ചേനയിലെ ഘടകങ്ങളില്‍ ചിലതാണ്.

വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണില്‍ വായുസഞ്ചാരം കൂടുതല്‍ ലഭ്യമാകാന്‍ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിന്‍തോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ്യാം.

 

ചേന നടാനായി 60 സെ.മീ നീളവും വീതിയും, 45 സെ.മീ ആഴവുമുള്ള കുഴികള്‍ 90 സെ.മീ അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതല്‍ 5 കി.ഗ്രാം) നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ഇതില്‍ ഏകദേശം 500 കി.ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം. നടാനുള്ള കഷണങ്ങള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വച്ച് ഉണക്കണം. നിമവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തു ചേന ബാസ്സിലസ് മാസിറന്‍സ് എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. വിത്ത് നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

ചേനയുടെ വശങ്ങളില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചേനക്കണ്ണുകളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 100 ഗ്രാം ഭാരമുള്ള ചേന കഷണങ്ങള്‍ കുഴികളില്‍ 60 x 45 സെ.മി അകലത്തില്‍ നടാം. പിന്നീട് പ്രധാന നിലത്തിലേക്ക് പറിച്ചു നടാം. പരമ്പരാഗത രീതിയില്‍ ഒരു ഹെക്ടറിലേക്ക് 12,345 വിത്ത് ചേന ആവശ്യമായി വരുമ്പോള്‍ ഈ രീതിയില്‍ 37,000 ചെറു കഷണങ്ങള്‍ നടാന്‍ സാധിക്കും.

ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ്. ഏകദേശം 500 ഗ്രാം മുതല്‍ 1 കി.ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം.

 

നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം യൂറിയ, ഫോസ്ഫറസ്, പൊട്ടാഷ് ഇവ ഹെക്ടർ ഒന്നിനു 50 : 50 : 75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനു ശേഷം രണ്ടാം ഘട്ട വളപ്രയോഗം നടത്താം. ഇതിനു ഹെക്ടറൊന്നിനു 50 കി.ഗ്രാം യൂറിയ, 75 കി.ഗ്രാം പൊട്ടാഷ് വേണ്ടി വരും. വളമിട്ട ശേഷം ഇടയിളക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. നട്ട് 8 -9 മാസം കഴിയുമ്പോള്‍ ചേന വിളവെടുക്കാം.

തനിവിള ചെയ്യുമ്പോള്‍ ഇടയില്‍ പയര്‍ വിതച്ചാല്‍ അവ വളരുന്ന സമയത്ത് പിഴുത് ചേനയുടെ ചുവട്ടിലിട്ട് മണ്ണിട്ടുമൂടുന്നത് ഏറ്റവും നല്ല രീതിയാണ്. ഇടയ്ക്ക് വളം ചേര്‍ക്കല്‍ ആവര്‍ത്തിക്കുക.തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകുന്ന രോഗം ചേനയ്ക്കുണ്ടാകാറുണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ചുവട്ടില്‍ തണ്ടോടുചേരുന്ന മണ്ണിലും തണ്ടിലും ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം.

ചേന പോഷകസമൃദ്ധം

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിലുണ്ട്.

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ധാരാളം നാരുകളും പോഷകഘടകങ്ങളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ഈ പച്ചക്കറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ നിയന്ത്രിക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ ചേന ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറവാണ് എന്നതും ഒരു മേന്മയാണ്.

ടെന്‍ഷന്‍ അകറ്റുന്നു

ചേനയിലെ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ ശരീരത്തിന് ഊർജം നൽകുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, സിങ്ക്, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ തലച്ചോറിന്‍റെ പ്രവർത്തനം, മെമ്മറി, ഫോക്കസ്, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. വിഷാദം, ഉത്കണ്ഠ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് എന്നിവ ഉള്ളവര്‍ ചേന മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും.

പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഗ്ലൈസീമിക്‌ ഇന്‍ഡക്സ്‌ വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചേന സുരക്ഷിതമാണ്.

മലബന്ധവും അര്‍ശസ്സും തടയുന്നു

ഹെമറോയ്ഡുകളോ മലബന്ധമോ ഉള്ള ആളുകള്‍ക്ക് ചേന നല്ലതാണ്. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധ ഗുണമുള്ളത്.

സന്ധിവേദന നിയന്ത്രിക്കുന്നു

ചേനയുടെ ആന്‍റി ഇൻഫ്ലമേറ്ററി, വേദനസംഹാരി ഗുണങ്ങൾ സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറിയിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളും ഗുരുതരമാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം

കാൽസ്യം ഓക്സലേറ്റിന്‍റെ അളവു കൂടിയ ചേനയ്ക്ക് ചൊറിച്ചില്‍ കൂടുതലായിരിക്കും. കറി വയ്ക്കുന്നതിന് മുമ്പ് ചേന പുളിവെള്ളത്തിൽ കഴുകിയാൽ ചൊറിച്ചില്‍ മാറും. അരിഞ്ഞുകഴിഞ്ഞതിനു ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക. ചേന അരിയുന്നതിനു മുമ്പു കയ്യിൽ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. ചേന അരിഞ്ഞതിനു ശേഷം ഉപ്പു വെള്ളം കൊണ്ട് കൈ നന്നായി കഴുകുക. ചൊറിച്ചിൽ പെട്ടെന്നു മാറും.

Tags:    
News Summary - elephant foot yam farming tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.