പൊൻകുന്നം (കോട്ടയം): ഈ വർഷം മാങ്ങകൾ കുറയും. മഴയും കീടബാധയും മൂലം ഉൽപാദനം കുറഞ്ഞതാണ് കാരണം. സീസണിൽ വിപണിയിൽ അധികവും എത്തുന്നത് നാട്ടിൻപുറങ്ങളിൽ നിന്നുള്ള മാങ്ങകളാണ്. എന്നാൽ, ഇത്തവണ നാട്ടിൻപുറത്തെ ഒട്ടുമിക്ക മാവുകളും പൂത്തിട്ടില്ല. സാധാരണ നവംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയാണ് മാവുകൾ പൂക്കുന്നത്.
ഇത്തവണ ഡിസംബർ പകുതിവരെ മഴയായിരുന്നു. ഇതോടെ മാവുകൾ പൂക്കുന്നത് വൈകി. മഴക്കാലം പെട്ടെന്നുമാറി ചൂടുകൂടിയത് പൂവ് കൊഴിച്ചിലിനും കാരണമായി. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന മേഖലയിലെ മാവുകൾ നന്നായി പൂക്കുന്നതാണ്. മാംഗോ ഹോപർ, മുഞ്ഞ, തേയിലക്കൊതുക് എന്നിവ പൂക്കളുടെയും തളിരിലകളുടെയും നീര് വലിച്ചുകുടിക്കും. ഇതോടെ ഇവയെല്ലാം കരിഞ്ഞുണങ്ങിപ്പോകും. ചൂടുള്ള കാലാവസ്ഥയിൽ ഇവയുടെ ആക്രമണം വ്യാപകമാണ്. പൂക്കളുടെ നിറം തന്നെയുള്ള ഹോപറിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
എക്കാലക്സ് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മാവുകൾ പൂവിടുമ്പോഴും കണ്ണിമാങ്ങ പരുവത്തിലും തളിച്ചാൽ കീടബാധ ഒഴിവാക്കാം. കീടനാശിനി പ്രയോഗം മാങ്ങയെ ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കണക്കിലെടുക്കുമ്പോൾ നാട്ടുമാങ്ങകൾക്ക് ക്ഷാമം കൂടും.
മാങ്ങ ഉപയോഗിക്കണമെങ്കിൽ ഇതരനാടുകളിൽനിന്നുള്ള മാങ്ങയെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതി വരും. ഇപ്പോൾ തമിഴ്നാട്ടിൽനിന്ന് എത്തുന്ന മാങ്ങക്ക് കിലോക്ക് 125 രൂപയാണ് വില. എന്നാൽ, അതും ആവശ്യത്തിന് കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.
വടക്കേ ഇന്ത്യയിൽ മാങ്ങ സീസൺ ആരംഭിക്കുന്നതിന് മുമ്പ് അവിടേക്ക് മുതലമടയിൽ നിന്ന് മാങ്ങയുമായി ലോഡുകൾ പോകേണ്ടതാണ്. ഇത്തവണ അതുണ്ടായിട്ടില്ല. മാങ്ങയുടെ ദൗർലഭ്യത്തിലേക്കാണിത് വിരൽചൂണ്ടുന്നതെന്ന് ഈ രംഗത്തുള്ളവർ പറഞ്ഞു.
എല്ലാ കാലത്തുനിന്നും വ്യത്യസ്തമായ കാലാവസ്ഥ ഈ വർഷം ഉണ്ടായത് നാട്ടിലെ മിക്കവാറും എല്ലാ ഉൽപന്നങ്ങളുടെയും വിളകളെ ബാധിച്ചിട്ടുണ്ട്. കൂടുതൽ മഴ മണ്ണിലെ മൂലകങ്ങളുടെ മൂല്യശോഷണത്തിന് കാരണമാകും. ഇത് വിളകളുടെ വളർച്ചക്ക് പ്രശ്നമായിട്ടു
മണ്ണ് പരിശോധന നടത്തുകയും ആവശ്യമായ മൂലകങ്ങൾ അടങ്ങിയ വളപ്രയോഗവും ജൈവവളവും ജലസേചനവും നല്ല പരിചരണവും നൽകിയാൽ കുറെയൊക്കെ നഷ്ടം ഒഴിവാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.