ചെറുതോണി: ഹൈറേഞ്ചിൽ അത്ര പരിചിതമല്ലാത്ത കന്നാര കൃഷിയിൽ വിജയം കൊയ്ത് കല്ലിടുക്കിൽ ജോണി എന്ന കർഷകൻ. പ്രകാശ് കരിക്കിൻമേട്ടിലെ രണ്ടേക്കർ പുരയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൈനാപ്പിൾ കൃഷി ലാഭകരമായതിന്റെ ആഹ്ലാദത്തിലാണ് കൂത്താട്ടുകുളത്തുനിന്ന് എത്തി നാല് വർഷമായി കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരിയിൽ സ്ഥിരതാമസക്കാരനായ കല്ലിടുക്കിൽ കെ.എം. ജോണി.
സാധാരണ ചൂട് കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് കന്നാര എന്ന പേരിലറിയപ്പെടുന്ന പൈനാപ്പിൾ കൃഷി കൂടുതലായി കാണുന്നത്. ഹൈറേഞ്ചിൽ കൃഷിയിറക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്ന് ജോണി പറയുന്നു. ഏലം കൃഷിചെയ്യാൻ വാങ്ങിയ ഭൂമിയിൽ തണൽമരങ്ങൾ കുറവായതിനാൽ കന്നാര കൃഷി ചെയ്യാൻ തീരുമാനിച്ചപ്പോൾ നാട്ടുകാർ നിരുത്സാഹപ്പെടുത്തി. എന്നാൽ, രണ്ടേക്കർ കൃഷിയിൽനിന്ന് നൂറുമേനി വിളവാണ് ജോണി കൊയ്തെടുത്തത്. കന്നാര കൃഷിയിൽ കൂത്താട്ടുകുളത്തെ പരിചയസമ്പത്ത് കരിക്കിൻമേട്ടിൽ ജോണിക്ക് തുണയായി.
ഹൈറേഞ്ചിൽനിന്നും ലോറേഞ്ചിൽനിന്നും മൊത്ത വ്യാപാരികളെത്തിയാണ് കരിക്കിൻമേട്ടിൽനിന്ന് പൈനാപ്പിൾ കൊണ്ടുപോകുന്നത്. ശരാശരി 40 രൂപ വരെ വില ലഭിച്ചതായി ജോണി പറയുന്നു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിൽ കന്നാരക്ക് കീടബാധ ഇല്ല എന്നത് ആശ്വാസകരമാണ്. ഹൈറേഞ്ചിലെ പൈനാപ്പിളിന് മധുരം കൂടുതലുള്ളതും വിൽപന വർധിക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.