വേനലിലെ വെയിലും ചൂടും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ടെറസിലെ കൃഷിയെയായിരിക്കും. ചൂട് കൂടുന്നതോടെതന്നെ ചെടിക്ക് വാട്ടവും ഇലകൾ കരിയുന്നതും കാണാം. വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി തുടങ്ങിയവയാണ് ടെറസിൽ സാധാരണയായി വളർത്തുന്ന പച്ചക്കറികൾ. കൂടാതെ പന്തലിട്ട് വളർത്തുന്ന പാവൽ, പടവലം തുടങ്ങിയവയും ചൂടുകാലത്ത് ടെറസിൽ വളരും. വെയിൽ ഇഷ്ടപ്പെടുന്ന പച്ചക്കറികളാണിവ. എന്നാൽ, കടുത്ത ചൂടിനെ അതിജീവിക്കാൻ ഇവക്ക് ചില പ്രത്യേക പരിചരണം നൽകണം.
ചെടികൾ നടാൻനേരം മണ്ണും വളവും മാത്രം നിറച്ച് ഗ്രോബാഗും ചട്ടിയും തയാറാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വേനൽകാലത്ത് നന കുറയുമ്പോൾ മണ്ണ് വരണ്ടുണങ്ങിപ്പോകാം. അതിനാൽ ഗ്രോബാഗ് നിറക്കുമ്പോൾതന്നെ മണ്ണിനെക്കാൾ കൂടുതൽ ചകിരിച്ചോറ്, കരിയില തുടങ്ങിയവ നിറക്കണം. കൂടാതെ ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരകമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയും ചേർത്തുനൽകണം. ഗ്രോ ബാഗ് നിറക്കുമ്പോൾതന്നെ ഇത് ശ്രദ്ധിച്ചാൽ നല്ല നീർവാഴ്ചക്ക് സഹായിക്കും.
വേനൽക്കാലത്ത് നേരിടുന്ന പ്രധാന പ്രശ്നം വെള്ളത്തിന്റെ ലഭ്യതയായിരിക്കും. നന ലഭിച്ചില്ലെങ്കിൽ ചെടികൾ കരിഞ്ഞുണങ്ങും. ഒരുപാട് വെള്ളം പാഴാകുന്ന നനരീതികൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിൽ പ്രധാനം. തുള്ളി നന, തിരി നന തുടങ്ങിയ രീതികൾ പരീക്ഷിക്കാം. അതാകുമ്പോൾ ചെടിക്ക് എപ്പോഴും നന ലഭിക്കുകയും ചെയ്യും, അധികം ജലം പാഴാകുകയുമില്ല. വെള്ളത്തിന് അധികം ക്ഷാമമില്ലെങ്കിൽ സ്പ്രേയർ ഉപയോഗിച്ച് നനക്കുന്നതും നല്ലതാണ്. ഇത് ചെടി മുഴുവൻ നനയുന്നതിനും നല്ലരീതിയിൽ ചെടിയെ വളരാനും സഹായിക്കും.
ടെറസിലെ കൃഷിക്ക് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ആരോഗ്യത്തിന് ദോഷമാണെന്ന് മാത്രമല്ല, ചെടികളെയും അത് പ്രതികൂലമായി ബാധിക്കും. കനത്ത ചൂടിൽ ചെടികൾ ഉണങ്ങുന്നതിനും കാരണമാകും. വളങ്ങൾ ദ്രാവകരൂപത്തിൽ നൽകുന്നതാണ് നല്ലത്. ജൈവകീടനാശിനികളും വേനൽക്കാലത്ത് ഉപയോഗിക്കാതിരിക്കുക. കീടങ്ങളെ കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അതാണ് ഉത്തമം. അതിനായി ദിവസവും ടെറസിലെത്തി ചെടികളെ പരിപാലിച്ചാൽ മതി. കീടാക്രമണം കൂടുതലാണെങ്കിൽ മാത്രം സ്യൂഡോമോണസ്, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.
ടെറസ് ദിവസവും സന്ദർശിച്ച് ചെടികൾക്ക് വാട്ടമുണ്ടോയെന്നും കരിയുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. പന്തൽ വിളകൾക്ക് പടർന്നുകയറാനുള്ള സൗകര്യം ഒരുക്കിനൽകണം. വെയിലേറ്റ് ചെടികൾ കൂടുതൽ വാടുന്നുണ്ടെങ്കിൽ തണൽ നൽകുന്ന ഷീറ്റ് വലിച്ചുകെട്ടി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.