മലപ്പുറം: ഈ മാസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്ത് 168 കോടി രൂപയുടെ കൃഷിനാശം. വിവിധ ജില്ലകളിലായി 23,643.4 ഹെക്ടറിലെ കൃഷിയാണ് മൊത്തം നശിച്ചത്. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, റബർ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായും നശിച്ചതെന്നാണ് കൃഷിവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത്. ആലപ്പുഴയിലാണ് വലിയ നഷ്ടം. ഇവിടെ 4693 ഹെക്ടറിലെ കൃഷി നശിച്ചു. കൊയ്യാറായ നെല്ലാണ് അവിടെ മഴവെള്ളത്തിൽ മുങ്ങിപ്പോയത്.
അമ്പത് കോടിയിലേറെ രൂപയുടെ നഷ്ടമാണുള്ളത്. മലപ്പുറത്ത് 13,389 ഹെക്ടറിലെ കൃഷി നശിച്ചെങ്കിലും ആലപ്പുഴയുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തികനഷ്ടത്തിൽ കുറവുണ്ട്. ലക്ഷത്തിലേറെ വാഴകൾ നശിച്ച ഇവിട പതിനഞ്ച് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ചങ്ങരംകുളം മേഖലയിലടക്കം 243 പേരുടെ 217.40 ഹെക്ടറിലെ നെൽകൃഷി നശിച്ചതിൽ മാത്രം 3.26 കോടി രൂപയാണ് നഷ്ടം. കൊല്ലം, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് നാശം പൊതുവെ കുറവ്. കോട്ടയത്ത് വലിയ തോതിൽ റബറും കാസർകോട്ട് കശുവണ്ടിയും വ്യാപകമായി നിലംപൊത്തി.
പന്തലിട്ട പച്ചക്കറികൾ, മറ്റ് പച്ചക്കറികൾ, വെറ്റില, ജാതി, കൊക്കോ, കുരുമുളക് എന്നിവയെല്ലാം നശിച്ചവയിലുൾപ്പെടും. പാടശേഖര സമിതികളുടെയും സഹകരണസംഘങ്ങളുടെയും നേതൃത്വത്തിലെ ഏക്കറുകണക്കിന് ഭൂമിയിലെ കൃഷിയും നഷ്ടമായി. 42,319 പേരുടെ വിളനാശത്തിന്റെ കണക്കെടുപ്പാണ് കൃഷിവകുപ്പ് പൂർത്തിയാക്കിയത്. ചില ജില്ലകളിൽ കണക്കെടുപ്പ് തുടരുന്നതിനാൽ നാശനഷ്ടമുണ്ടായ കർഷകരുടെ എണ്ണം അരലക്ഷത്തോളവും മൊത്തം സാമ്പത്തികനഷ്ടം 200 കോടിയുമാകുമെന്നാണ് സൂചന. ആലപ്പുഴയിൽ 8199ഉം കണ്ണൂരിൽ 5364ഉം കാസർകോട്ട് 4975ഉം മലപ്പുറത്ത് 4740ഉം പേരുടെ കൃഷിയാണ് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.