വളാഞ്ചേരി: എടയൂർ മുളകിന് മുരടിപ്പ് ബാധ വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിൽ. വൈറസ് ബാധയെ തുടർന്നാണ് കൃഷി നശിക്കുന്നത്. ഏറെ ആവശ്യക്കാറുള്ള എടയൂർ മുളക് നിരവധിപേർ കൃഷി ചെയ്തിട്ടുണ്ട്. ഒരു കിലോഗ്രാം എടയൂർ മുളകിന് 300 രൂപയിലധികം വില ലഭിക്കാകാറുണ്ട്. ചെടിയിൽനിന്ന് തുടക്കത്തിൽ ലഭിക്കുന്ന മുളകിന് എരിവ് കുറവായതിനാൽ ആവശ്യക്കാർ ഏറെയാണ്. ഏകദേശം 10 സെന്റീമീറ്ററോളം നീളം വരുന്ന മുളക് ഉപയോഗിക്കുന്നത് പ്രധാനമായും കൊണ്ടാട്ടം നിർമിക്കാനാണ്.
മെയ് മാസം വിത്ത് പാകി മുളപ്പിച്ചതിന് ശേഷം പറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, ആതവനാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും, എടയൂരിന് സമീപ പഞ്ചായത്തുകളായ മൂർക്കനാട്, കുറവ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും കൃഷി ചെയ്യുന്നുനുണ്ട്. വിളവെടുപ്പിന് പാകമായതോടെയാണ് ചെടികൾക്ക് മുരടിപ്പ് വന്നത്.
മുരടിപ്പിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിലും വേണ്ടത്ര വിളവ് ലഭിച്ചിരുന്നില്ല. അതോടെ നിരവധി കർഷകർ ഈ രംഗത്തുനിന്ന് പിൻമാറി. മുളക് പൂവിടാറാകുമ്പോഴാണ് ഇലകൾക്ക് മുരടിപ്പ് വരുന്നത്. പ്രതിസന്ധികൾക്കിടയിലും എടയൂർ പഞ്ചായത്തിൽ മാത്രം ഈ വർഷവും ആറ് ഹെക്ടറോളം പ്രദേശത്ത് കൃഷി ഉണ്ട്. പഞ്ചായത്തിൽ വടക്കുംപുറം, എടയൂർ, പൂക്കാട്ടിരി, അത്തിപ്പറ്റ, പുന്നാംച്ചോല തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി സ്ത്രീകളുൾപ്പെടെ നിരവധി കർഷകരാണ് ഈ രംഗത്തുള്ളത്.
പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകൾ അംഗീകരിച്ചുനൽകുന്ന കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഭൗമ സൂചികാപദവി ഈ അടുത്ത കാലത്ത് എടയൂർ മുളകിന് ലഭിച്ചിരുന്നു. ഭൗമ സൂചികാപദവി പ്രതീക്ഷകൾ നൽകിയെങ്കിലും മുളക് ചെടിക്ക് വ്യാപകമായി ബാധിച്ച വൈറസ് ബാധ കർഷകരുടെ സ്വപ്നങ്ങളെ തകിടം മറിക്കുകയാണ്.
കുരുടിപ്പ് രോഗം ബാധിച്ച എടയൂർ മുളക് കൃഷിയിടങ്ങൾ എറണാകുളത്തെ സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റർ ഉദ്യോഗസ്ഥർ സന്ദർശിച്ചു.
പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർ എലിസബത്ത് ജയ തോമസ്, അസി. പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർമാരായ കെ.കെ. തങ്കം, ടോം ചെറിയാൻ, സയന്റിഫിക് അസി. കെ. ഗണപതി കാർത്തിക, കൃഷി അസി. ഡയറക്ടർ പി. വിനോദ് കുമാർ, എടയൂർ കൃഷി ഓഫിസർ ജുമൈല റാഷിദ്, പെസ്റ്റ് സ്കൗട്ട് ജാഫർ, സുലഭ, സനൽ തുടങ്ങിയവർ സംബന്ധിച്ചു. സൈദാലിക്കുട്ടി, ചോലക്കൽ മേലേതിൽ, സി.കെ. ഇബ്രാഹിം എന്നവരുടെ കൃഷിയിടങ്ങളാണ് ഉദ്യോഗസ്ഥർ സന്ദർച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.