ചെട്ടിച്ചാല്‍ പാടത്ത് വിളവെടുത്ത കണിവെള്ളരിയുമായി കര്ഷകന് രാജന്റെ കുടുംബം
കൊടകര: വിഷുക്കണിയും വിഷുസദ്യയും ഒരുക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത വെള്ളരി കൃഷിയില്‍ തുടർച്ചയായ മൂന്നാം വര്‍ഷവും മിന്നും വിജയം കൊയ്യുകയാണ് മറ്റത്തൂരിലെ മാതൃക കര്‍ഷകനായ രാജന് പനംകൂട്ടത്തില്‍. മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങളെത്തിക്കുന്ന കര്‍ഷകരിലൊരാളാണ് രാജന് ചെട്ടിച്ചാല്‍ പാടശേഖരത്തുള്ള രണ്ടരയേക്കര്‍ നിലത്തിലാണ് ഇക്കുറിയും വെള്ളരികൃഷി ചെയ്ത് മികച്ച വിളവുനേടിയത്.
നെല്‍കൃഷി ചെയ്യുന്ന പാടത്ത് വേനല്‍ക്കാല വിളയായാണ് കണിവെള്ളരി നട്ടുവളര്‍ത്തുന്നത്. മറ്റ് പച്ചക്കറിയിനങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്യുന്ന മറ്റത്തൂരില്‍ വെള്ളരികൃഷി താരതമ്യേന കുറവാണ്. വേനല്‍മഴയെ ഭയന്നാണ് കര്‍ഷകര്‍ പൊതുവേ വെള്ളരികൃഷിയില്‍ നിന്ന് മാറിനില്‍ക്കുന്നത്.
മഴപെയ്താല്‍ വെള്ളം ഒഴുകിപോകാതെ കെട്ടിനില്‍ക്കുന്ന പാടങ്ങള്‍ ഈയിനം കൃഷിക്ക് അുയോജ്യമല്ല. വെള്ളക്കെട്ടില്‍ വെള്ളരി തണ്ടുകള്‍ പെട്ടെന്നു ചീഞ്ഞുപോകുന്നതാണ് കാരണം. ഇതുകൊണ്ടുതന്നെ മലയോരത്തെ കര്‍ഷകരില്‍ മിക്കവരും വെള്ളരി കൃഷിയിറക്കാന്‍ മടിക്കുന്നവരാണ്.
എന്നാല്‍ മികച്ച കര്‍ഷകനായിരുന്ന അച്ഛന് വിജയന്റെ കഠിനാധ്വാനം കണ്ടുവളര്‍ന്ന രാജന് ഒരു വെല്ലുവിളി എന്നോണമാണ് വെള്ളരികൃഷിയിലേക്ക് തിരിഞ്ഞത്. കഠിനാധ്വാനവും അനുകൂല കാലാവസ്ഥയും ഉണ്ടെങ്കില്‍ ഈ കൃഷിയില്‍നിന്ന് നല്ല ലാഭം ഉണ്ടാക്കാനാകുമെന്ന് രാജന് തെളിയിച്ചു. ഭാര്യ ഷീജ കൃഷിപ്പണികളില്‍ എപ്പോഴും രാജനൊപ്പമുണ്ട്. അവധി ദിവസങ്ങളില്‍ കോളജ് വിദ്യാര്‍ഥികളായ മക്കള്‍ അക്ഷയും അഭിജിത്തും രാജനെ സഹായിക്കാനായി കൃഷിതോട്ടത്തില്‍ എത്താറുണ്ട്.
ആണ്ടില്‍ രണ്ടുതവണ നെല്‍കൃഷി ചെയ്യുന്ന ചെട്ടിച്ചാല്പാടത്ത് മുണ്ടകന്‍ കൊയ്ത്തുകഴിഞ്ഞയുടനെയാണ് വെള്ളരി കൃഷിക്ക് നിലമൊരുക്കി വിത്തിട്ടത്. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിവിത്താണ് കൃഷിക്കുപയോഗിച്ചത്. മൂന്ന് വര്‍ഷം മുമ്പ് മഞ്ചേരിയില്‍ നിന്ന് രാജന് കൊണ്ടുവന്ന വിത്താണിത്. ഓരോ വര്‍ഷവും വിളവെടുക്കുമ്പോള്‍ മികച്ച വെള്ളരിക്കായ്കള്‍ മാറ്റിവെച്ച് അവയില്‍നിന്ന് എടുക്കുന്ന വിത്തുകളാണ് തുടര്‍ന്നുള്ള വര്‍ഷം കൃഷിയിറക്കാന്‍ ഉപയോഗിക്കുന്നത്.
സുഹൃത്തുക്കളായ കര്‍ഷകര്‍ക്കും ഈ വിത്തുകള്‍ രാജന് നല്‍കിവരുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പെയ്ത വേനല്‍മഴ തെല്ലൊരു ആശങ്ക സൃഷ്ടിച്ചെങ്കിലും മോശമല്ലാത്ത വിളവ് ഇക്കുറി ലഭിച്ചതായി രാജന് പറഞ്ഞു.മറ്റത്തൂര്‍ കൃഷിഭവനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജന്റെ വെള്ളരിപ്പാടം കാണാന്‍ എത്തിയിരുന്നു. കേരള പഴം പച്ചക്കറി പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക വിപണി, നൂലുവള്ളി സ്വാശ്രയ കര്‍ഷക വിപണി എന്നിവ മുഖേനയാണ് രാജന് വെള്ളരിക്കായ്കള്‍ വിറ്റഴിക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പ് ഇത് ശേഖരിച്ച് ആലപ്പുഴ ജില്ലയിലേക്കാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില അല്‍പ്പം കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിഷുക്കാലത്ത് കിലോഗ്രാമിന് 18 രൂപയായിരുന്നു വില. ഈ വര്‍ഷം 20 രൂപ നിരക്കിലാണ് രാജൻ കണി വെള്ളരി വില്‍പ്പന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.