കട്ടപ്പന: കേരളത്തിലെ കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകി വില കുത്തനെ ഉയരുന്നു. കിലോഗ്രാമിന് 640 രൂപയിലേക്കാണ് വില ഉയർന്നത്. ആറുമാസം മുമ്പ് കിലോഗ്രാമിന് 480 രൂപയായിരുന്ന കുരുമുളക് വില 640 രൂപയിലേക്കാണ് ഉയർന്നത്. ശരാശരി 160 രൂപയുടെ വർധനയാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ ഉണ്ടായത്. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം വരുന്നതോടെ വരുംദിവസങ്ങളിൽ വില ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ ഇടിവുണ്ടായതും കനത്ത വേനലിനെ തുടർന്ന് കുരുമുളക് ചെടികൾ വ്യാപകമായി നശിച്ചതുംമൂലം ലഭ്യത കുറഞ്ഞു. അന്തർദേശീയ വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ ഡിമാൻഡ് ഉയർന്നതും വില വർധനക്ക് സഹായിച്ചു.
ഇടുക്കിയിൽ കുരുമുളക് ചെടികൾക്ക് ഉണ്ടായ രോഗബാധ ഈ വർഷം ഉൽപാദനത്തെ ബാധിക്കുമെന്ന സൂചനകളും വില ഉയർച്ചക്ക് ഇടയാക്കി. കിലോഗ്രാമിന് 500 രൂപയിൽ താഴെ വിലയുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി വിദേശ വ്യാപാര ഡയറക്ടർ ജനറൽ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെയാണ് വില ഉയരാൻ തുടങ്ങിയത്. നിരോധനം മറികടന്ന് ഇറക്കുമതി നടത്തിയ വ്യപരികൾക്ക് വൻതോതിൽ പിഴയീടാക്കിയ നടപടിയെ തുടർന്ന് ഇറക്കുമതി നിർത്തിവെക്കാൻ വ്യാപാരികൾ നിർബന്ധിതരായി. സർക്കാറിന്റെ കർശന നടപടികൾ തുടർന്നാൽ വില വീണ്ടും ഉയരുമെന്നാണ് വിപണിയിലെ സൂചന.
വിയറ്റ്നാം കുരുമുളക് ശ്രീലങ്കയിലൂടെ ഇന്ത്യയിലേക്ക് ഇറക്കുമതി വർധിച്ചതും നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികളിലൂടെ ഇന്ത്യയിലേക്ക് കുരുമുളകിന്റെ കള്ളക്കടത്ത് വർധിക്കുകയും ചെയ്തതോടെ ഇന്ത്യൻ കുരുമുളകിന്റെ വില കുത്തനെ താഴ്ന്നിരുന്നു. ഒരു ഘട്ടത്തിൽ കുരുമുളക് വ്യാപാരികൾ വാങ്ങാത്ത സ്ഥിതിയും വന്നിരുന്നു. ആ സ്ഥിതിയിൽനിന്ന് വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ ശനിയാഴ്ച കിലോഗ്രാമിന് 640 രൂപയിലേക്ക് വരെ കുരുമുളക് വില ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.