കൊടുവായൂർ: മഴയും കൊയ്ത്തു യന്ത്രങ്ങളുടെ കുറവും ഒന്നാം വിള കൊയ്ത്തിനെ ബാധിക്കുന്നു. നെൽപാടങ്ങളിലെ കൊയ്ത്താണ് രാത്രികളിലെ ശക്തമായ മഴ തടസ്സപ്പെടുത്തുന്നത്. ഇത് കൊയ്ത്തിന്റെ വേഗത കുറക്കാൻ കാരണമായി. കൊയ്ത്ത് വൈകുന്നതോടെ പാകമായ നെൽചെടികൾ വെള്ളത്തിൽ വീണ് നശിക്കുന്നത് വൻ നഷ്ടത്തിന് വഴിവെക്കുന്നതായി കൊടുവായൂരിലെ കർഷകർ പറയുന്നു. മഴമൂലം ദിവസം നാലും അഞ്ചും മണിക്കൂർ മാത്രമേ മിക്കയിടത്തും കൊയ്ത്ത് നടക്കുന്നുള്ളൂ.
തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്താറുള്ളത്. ഓരോ ഏജന്റിനും എട്ടും പത്തും കൊയ്ത്ത് യന്ത്രങ്ങൾ എത്താറുള്ള സ്ഥാനത്ത് ഇക്കുറി നാലും അഞ്ചും യന്ത്രങ്ങൾ മാത്രമാണ് എത്തിയിട്ടുള്ളതെന്ന് ഏജന്റ് ചെന്താമരാക്ഷൻ പറയാൻപള്ളം പറഞ്ഞു.
\യന്ത്രങ്ങളുടെ കുറവാണ് കൊയ്ത്തു വൈകാൻ ഇടയാക്കിയത്. ഒന്നാം വിളയ്ക്ക് ചളിയിൽ കൊയ്ത്ത് നടത്തുന്ന യന്ത്രം മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നത് കർഷകർക്കും പ്രതിസന്ധിയാകുന്നു. രണ്ടാം വിളയിൽ ടയർ ഉപയോഗിച്ച് ഓടുന്ന ചളിയിൽ ഇറങ്ങാത്ത യന്ത്രവും ഉപയോഗിക്കാൻ കഴിയുന്നതിനാൽ യന്ത്ര ക്ഷാമം ഒരു പരിധിവരെ കുറക്കാൻ കഴിയും.
സാധാരണ വർഷങ്ങളിൽ വേനൽ മഴ ലഭിക്കുന്നതോടെ പകുതിയിലേറെ പാടശേഖരങ്ങൾ പൊടിവിത നടത്തി ഒന്നാം വിള പല ഘട്ടങ്ങളിലായി ഇറക്കുന്നതിനാൽ ഒരേ സമയത്ത് എല്ലാ പാടങ്ങളിലും ഒന്നിച്ച് കൊയ്ത്തു വരാറില്ല. ഒരേസമയത്ത് വിളവിറക്കുകയും വിളവെടുക്കേണ്ടി വരികയും ചെയ്തതും യന്ത്ര ക്ഷാമത്തിന് കാരണമായതായി കർഷകർ പറഞ്ഞു.
കൊയ്ത്തു വൈകുന്നത് രണ്ടാം വിള തയാറെടുപ്പ് തുടങ്ങാനും വൈകും. സാധാരണ കന്നി മാസത്തിൽ രണ്ടാം വിള നടീൽ ആരംഭിക്കാറുള്ളത് ഇക്കുറി തുലാമാസമായിട്ടും ഒന്നാം വിള കൊയ്ത്തുതീർന്നിട്ടില്ലെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.