ചേർത്തല: പുലർച്ചെ ആറ് മണി... കർഷകൻ കഞ്ഞിക്കുഴി വടക്കേ തയ്യിൽ വി.പി. സുനിൽ കൃഷിയിടത്തിലെ വിളവുകൾ എല്ലാം പറിച്ചെടുത്ത് വില്പന സ്ഥലത്ത് കൊണ്ടുവന്നു വച്ചു. തണ്ണി മത്തൻ, വെണ്ട, പയർ, പച്ചമുളക് എന്നിവയാണ് പറിച്ചെടുത്ത് കച്ചവടത്തിനായി പാടത്തിന്റെ ഓരത്തുള്ള റോഡിന്റെ വശത്ത് പ്രത്യേകം ക്രമീകരിച്ച തട്ടിൽ വിപണനം നടത്തുന്നതിന് എത്തിച്ചത്. പതിവ് പോലെ എല്ലാം നിരത്തി വച്ചപ്പോഴേക്കും സുനിലിന്റെ സുഹൃത്ത് കണ്ണങ്കര പുതുക്കേരിയിൽ തമ്പി പച്ചക്കറികൾ വാങ്ങാനെത്തി. മായിത്തറ മുത്തശ്ശി വെളി കുഞ്ഞച്ചനും സഞ്ചിയുമായി എത്തി. ഈസമയം റോഡിലൂടെ ഒരു കൂട്ടം പാർട്ടി പ്രചാരണ പ്രവർത്തകർ പോകുന്നത് കണ്ടപ്പോൾ തെരെഞ്ഞെടുപ്പിനെപ്പറ്റിയായി ചർച്ച. തമ്പിക്ക് വെണ്ടക്ക തൂക്കി നൽകിയ ശേഷം കുശലാന്വഷണം മാറി രാഷ്ട്രീയ ചർച്ചയായി. സുനിൽ ആവേശത്തോടെ പറഞ്ഞു തുടങ്ങി:
ഇത്തവണ കേരള സർക്കാറിന്റെ ഭരണം നിരാശ ഉണ്ടാക്കിയില്ല. എന്നാലും ഒന്നാം ഭരണത്തോളം ആയില്ല. കേന്ദ്രഭരണം വച്ച് നോക്കുമ്പോൾ സംസ്ഥാന ഭരണം മികച്ചതാണ്. കാർഷിക മേഖലയിൽ നിന്ന് നോക്കി കാണുമ്പോൾ കർഷകർക്ക് കൂട്ടുനിൽക്കാത്ത സർക്കാർ ആണ് മോദിയുടേത്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങൾ എല്ലാം കർഷകർ ഉപരോധിക്കുന്ന അവസ്ഥയാണ്. കാർഷികമേഖല തകർക്കുന്ന കേന്ദ്രത്തിന്റെ നടപടി മാറണം. അതിന് മാറ്റം അനിവാര്യമാണ്.
നമ്മുടെ എം.പി എ.എം. ആരിഫ് എല്ലാ കാര്യങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തുറവൂർ - അരൂർ 12 കിലോമീറ്റർ ഉയര പാത കൊണ്ടുവന്നതിലും ആരിഫിന്റെ പങ്ക് ചെറുതല്ല.എം.പിയായി ആരിഫ് തന്നെ വരണമെന്നാണ് കർഷകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. കർഷകർ പണിയെടുത്താൽ കൃത്യമായ കൂലിയും സർക്കാർ ആനുകൂല്യങ്ങളും യഥാസമയം കിട്ടണം. കർഷകനെ അംഗീകരിക്കുന്ന ഭരണകൂടം ഉണ്ടാകണം. കേന്ദ്രഭരണത്തിലും മാറ്റം ആവശ്യമാണ്.
ഇതു കേട്ട തമ്പി ഇടപെട്ടു: ആര് പറഞ്ഞു? സംസ്ഥാന ഭരണം വെറുത്തു നിൽക്കുന്ന അവസ്ഥയാണ്.എല്ലാവർക്കും ‘ഉറപ്പ്’ കൊടുത്താണ് പിണറായി സർക്കാർ അധികാരത്തിലെത്തിയത്. പക്ഷേ, പിണറായിയും കുടുംബവും സാമ്പത്തികമായി ഉറപ്പുണ്ടാക്കിയതല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ല. കേന്ദ്രഭരണവും ഒരു ഭീകരാവസ്ഥയാണ്. ജാതിയും മതവും ഇപ്പോഴും ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ ആർ.എസ്.എസുകാരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത്. എ.എം ആരിഫ് എം.പി പാർട്ടിയുടെ അടിമയാണ്. പാർട്ടി പറയുന്നത് അനുസരിച്ച് നടക്കുന്ന എം.പി അഞ്ചുവർഷമായി ഒരു വികസനവും ചേർത്തല മണ്ഡലത്തിൽ ഉണ്ടാക്കിയിട്ടില്ല. ഹൈവേ വികസനം എന്നും വീമ്പിളക്കുന്നുണ്ട്. എന്നാൽ, എം.പിക്ക് അതുമായി ബന്ധമില്ല. ഇന്ത്യാ മഹാരാജ്യം വിവിധ മതസ്ഥരുടെയും സാധാരണക്കാരന്റെയും നാടാണ്. ജനങ്ങൾക്ക് സ്വസ്ഥമായി കഴിയണം, ജാതിയും മതവും കൊണ്ട് വേർതിരിക്കരുത്.
പച്ചക്കറി വാങ്ങാനെത്തിയ പോറ്റിക്കവല ഹരിജൻ കോളനിയിലെ അറുപത്കാരി മഹിള ഇതുകേട്ട് ക്ഷുഭിതയായി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം പിന്നിട്ടു. എന്നാൽ ഇതുവരെ ഓരോ കുടുംബത്തിനും മാസം ആയിരം രൂപ വീതം നൽകിയ കേന്ദ്രസർക്കാരുണ്ടോ?. എല്ലാവരും മഹിള പറഞ്ഞത് കേട്ട് ഒരു നിമിഷം വാ പൊളിച്ചു. മനസിലായില്ലെ ഓരോ വീട്ടിലും കിസാൻ സമ്മാൻ പദ്ധതിയിലൂടെ ഇരു മാസം കൂടുമ്പോൾ 2000 രൂപ ബാങ്ക് അക്കൗണ്ട് വഴി കൊടുത്തല്ലോ? ഇതുവരെ ഒരു സർക്കാരും ചെയ്യാത്ത പദ്ധതിയായിരുന്നു അത്.
അതു തന്നെ മതി കേന്ദ്ര ഭരണം വീണ്ടെടുക്കാൻ. പാചകവാതകം പൈപ്പ്ലൈനിലൂടെ വീടുകളിൽ എത്തിച്ചില്ലെ. കൂടാതെ ദേശീയ പാത വികസനം ജനങ്ങൾ കാണുന്നതല്ലെ. റേഷൻ കടകൾ വഴി പോഷക അരിയും ഭാരത് അരിയും വിതരണം ചെയ്തില്ലേ. ഇത് ജനം തിരിച്ചറിയും. തെരെഞ്ഞെടുപ്പിൽ അഞ്ച് എൻ.ഡി.എ എം.പി മാരെങ്കിലും ഇത്തവണ കേരളത്തിൽ നിന്നും വണ്ടി കയറുമെന്നും മഹിള പറഞ്ഞ് നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.