നിലമ്പൂർ: പുതിയ അധ്യയന വർഷത്തിൽ ജില്ലയിൽ വനം വകുപ്പിന്റെ ജില്ല സാമൂഹിക വനവത്കരണ വിഭാഗം അരലക്ഷം തൈകൾ വിതരണം ചെയ്യും.കണിക്കൊന്ന, ഇലഞ്ഞി, മണിമരുത്, സീതപ്പഴം, നെല്ലി, പേര, താന്നി, നീർമരുത്, ഉങ്ങ്, ദണ്ഡപാല, കൂവളം, രക്ത ചന്ദനം, ഉണ്ണിവാഗ, മുള, കുഞ്ഞിവാഗ തുടങ്ങി ഫ്ലവർ, ഫ്രൂട്ട്, മെഡിസിൻ, വുഡ് എന്നിങ്ങനെ തരംതിരിച്ചുള്ള 16 ഇനം തൈകളാണ് ഇത്തവണ വിതരണത്തിന് പാകപ്പെടുത്തിയത്.
നിലമ്പൂർ വള്ളുവശ്ശേരി സെൻട്രൽ നഴ്സറിയിലാണ് തൈകൾ ഒരുക്കിയത്. കടുത്ത വരൾച്ചയിലും നന്നായി പരിപാലിച്ചാണ് തൈകൾ പാകപ്പെടുത്തിയെടുത്തത്. പ്ലാസ്റ്റിക്ക് കൂടുകൾ ഒഴിവാക്കി ചകിരിനാര് കൊണ്ടുള്ള കൂട് ഒരുക്കിയാണ് തൈകളുടെ വിതരണമെന്ന് മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.പി. ജയപ്രകാശ് പറഞ്ഞു. വിദ്യാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, ക്ലബുകൾ, എൻ.ജി.ഒകൾ, രാഷ്ട്രീയ പാർട്ടി സംഘടനകൾ, വായനശാലകൾ എന്നിവക്ക് തൈകൾ സൗജന്യമായി നൽകും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തൈകൾ വിതരണം തുടങ്ങും. വൃക്ഷവത്ക്കരണ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ വൃക്ഷമിത്ര പദ്ധതി പ്രകാരം പഞ്ചായത്തുകൾ തോറും വനംവകുപ്പിന്റെ സഹകരണത്തോടെ നഴ്സറികൾ ഉണ്ടാക്കിയിരുന്നു. ഇതിനുള്ള വിത്തും പരിശീലനവും വനംവകുപ്പ് നൽകിയിരുന്നു. ജില്ലയിലെ മിക്ക പഞ്ചായത്തുകളും നഴ്സറികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇത്തവണ വളരെ കുറവാണ്.
ജൂൺ അഞ്ചിന് രാവിലെ 10.30ന് കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം. പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിതലത്തിലുള്ള ജനപ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല. സ്കൂൾ നഴ്സറി യോജന എന്ന പേരിലാവും ഇവിടെ പദ്ധതി ഉദ്ഘാടനം നടത്തുക. കുട്ടികൾ തന്നെ നഴ്സറി ഉണ്ടാക്കുന്ന പദ്ധതിയാണിത്. തുടർദിവസങ്ങളിൽ മലപ്പുറത്തെയും വേങ്ങരയിലെയും ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പദ്ധതി ഒരുക്കും. ലെൻസ് വേഡ് സംഘടനയുടെ സഹായത്തോടെ മലപ്പുറം സിവിൽ സ്റ്റേഷനിൽ തൈകൾ നടും. തൈക വിതരണം സൗജന്യമാക്കിയതോടെ ആവശ്യക്കാർ ഏറെയാണ്. നിലവിൽ 60,000 ത്തിലധികം തൈകൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.