ഏത് സീസണിലും നടാവുന്ന കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഫലവർഗമാണ് സപ്പോട്ട. വെള്ളം കെട്ടിക്കിടക്കാത്ത നല്ല നീർവീഴ്ചയുള്ള സ്ഥലങ്ങളിൽ സപ്പോട്ട നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാകണം. അൽപം ചൂടു നിറഞ്ഞ കാലാവസ്ഥയാണ് സപ്പോട്ടയുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യം. എന്നാൽ, ചൂട് കൂടി 43 ഡിഗ്രിയിൽ അധികമായാൽ ചെടിയുടെ പൂക്കൾ കൊഴിഞ്ഞുപോകാനും സാധ്യതയുണ്ട്.
പാല, ക്രിക്കറ്റ് ബാള്‍, കല്‍ക്കട്ട റൗണ്ട്, ഓവല്‍, ബദാമി, ബാരമസി, പി.കെ.എം -1, കീര്ത്തിഭാരതി തുടങ്ങിയവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാന സപ്പോട്ട ഇനങ്ങള്‍. മേയ് -ജൂൺ മാസങ്ങളോടെ ചെടികൾ നടാം. കനത്തമഴക്കാലത്ത് ചെടികൾ നടാതിരിക്കാൻ ശ്രദ്ധിക്കണം. സപ്പോട്ട ചെടികളുടെ തൈകൾ നഴ്സറികളിൽനിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ, ഗ്രാഫ്റ്റിങ്, ലെയറിങ്, ബഡ്ഡിങ് ചെയ്ത തൈകളും നടാനായി തെരഞ്ഞെടുക്കാം. വിത്തുപാകി മുളപ്പിച്ചാൽ മാതൃവൃക്ഷത്തിന്റെ അതേ ഗുണം ലഭിക്കണമെന്നില്ല.
തൈകൾ നടുമ്പോൾ ജൈവവളം കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നടുന്ന സമയത്ത് കമ്പോസ്റ്റ്, കാലിവളം തുടങ്ങിയവ നൽകാം. പിന്നീട് ഇടക്കിടെ കാലിവളവും മറ്റു ജൈവവളങ്ങളും നൽകാം. ചൂട് കൂടിയ സമയത്ത് മാത്രം നനച്ചു നൽകിയാൽ മതി. ഇടവിട്ടുള്ള ജലസേചനം നല്ല വിളവ് നൽകാൻ സഹായിക്കും. വേനൽക്കാലത്ത് മാസത്തിൽ രണ്ടുതവണയും ശൈത്യകാലത്ത് മാസത്തിൽ ഒരിക്കലും നന്നായി നനച്ചു നൽകിയാൽ മതി. ചെടികൾക്കിടയിലെ കളകൾ ഇടക്കിടെ നീക്കം ചെയ്യണം.
മഴക്കാലങ്ങളിൽ ഇലകളും ശാഖകളും വെട്ടിയൊതുക്കി നൽകണം. പൂക്കള്‍ക്കും കായ്കള്‍ക്കും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാനാണിത്. എപ്പോഴും പൂവിടുമെങ്കിലും ഒക്ടോബർ-നവംബർ, ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് നന്നായി പൂവിടുക. നാലുമാസംകൊണ്ട് കായ്കൾ മൂപ്പെത്തി കിട്ടും. ഗ്രാഫ്റ്റ് തൈകളിൽനിന്ന് മൂന്നാംവർഷം മുതൽ വിളവ് എടുത്തു തുടങ്ങാം. 30 വർഷത്തോളം വിളവെടുക്കാൻ സാധിക്കും.
കായ്കൾ വിളവെടുക്കുമ്പോൾ ചില കാര്യം ശ്രദ്ധിക്കണം. മൂപ്പെത്തിയതിനു ശേഷം പറിച്ചെടുത്ത് പഴുപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കിൽ കിളികളും മറ്റു ജീവികളും അവ തിന്നും. മൂപ്പെത്തിയ പഴങ്ങൾക്ക് മങ്ങിയ ഓറഞ്ച് അല്ലെങ്കിൽ തവിട്ട് നിറമായിരിക്കും. കൂടാതെ, സപ്പോട്ട കായ്കൾ മൂപ്പെത്തുമ്പോൾ കറയുടെ അളവ് കുറഞ്ഞ് നല്ല കട്ടിയുള്ളതാകും. പഴുത്ത കായ്കള്‍ അഞ്ചു മുതൽ ഏഴു ദിവസം വരെ കേടുകൂടാതെ സൂക്ഷിച്ച് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.