തൃശൂർ: കേരളത്തിൽ ആറ് സ്വകാര്യ കാർഷിക കോളജുകളെങ്കിലും സമീപ ഭാവിയിൽ നിലവിൽവരുമെന്ന് കാർഷികോൽപാദന കമീഷണറും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി. അശോക്. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നത് സർക്കാർ നയമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക സർവകലാശാല ഉദ്യോഗസ്ഥർക്കുള്ള ഇ-ഗവേണൻസ് പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങൾ വരുന്നത് വിദ്യാർഥികൾക്ക് കൂടുതൽ അവസരം നൽകും. കുറച്ച് അധ്യാപകരെയും ജീവനക്കാരെയും വെച്ച് ഇത്തരം സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കും. നിലവിൽ കേരളത്തിലെ കാർഷിക കോളജുകൾ പൊതുമേഖലയിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാർഷിക സർവകലാശാലയിൽ ഭരണ-അധ്യാപന വിഭാഗങ്ങളിൽ ആവശ്യമില്ലാത്ത തസ്തികകൾ റദ്ദാക്കുമെന്നും വി.സി പറഞ്ഞു.
ഭരണ വിഭാഗത്തിലെ അസിസ്റ്റന്റുമാരിൽ പലർക്കും ജോലിയില്ല. മറ്റ് പല സർവകലാശാലകളും ജോലിയില്ലാത്ത തസ്തികകൾ നിർത്തലാക്കി. ഇ-ഗവേണൻസ് പൂർണമായി നടപ്പാക്കിയാൽ പിന്നീട് ആവശ്യമില്ലാത്ത തസ്തികകൾ തുടരുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഇ-ഗവേണൻസ് നടപ്പാക്കാൻ മുമ്പ് നടത്തിയ ശ്രമം കാർഷിക സർവകലാശാല അട്ടിമറിച്ചു. ഇ-ഗവേണൻസ് നടപ്പാക്കുന്നതിൽ കേരളത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് സർവകലാശാലകളാണ്. എന്ത് വന്നാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ചിന്ത സർവകലാശാലയിൽ ആർക്കും വേണ്ട. ആവശ്യത്തിന് വിദ്യാർഥികളില്ലാത്ത വകുപ്പുകളിലെ അധ്യാപക തസ്തികകളും ഇല്ലാതാകും. വിദ്യാർഥികളുടെ എണ്ണം കൂട്ടുക, ഫീസ് വർധിപ്പിക്കുക, ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുക എന്നീ നടപടികളിലൂടെയേ സർവകലാശാലക്ക് പിടിച്ചുനിൽക്കാനാവൂ എന്നും വി.സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.