ആലപ്പുഴ: അപ്രതീക്ഷിത വേനൽമഴയിൽ ജില്ലയിൽ കാർഷികമേഖലയിൽ 126.53 കോടിയുടെ നഷ്ടം. 11463.25 ഹെക്ടർ കൃഷിയെയാണ് വേനൽ മഴ ബാധിച്ചത്. ആകെയുണ്ടായിരുന്ന 27,000 ഹെക്ടർ നെൽവയലുകളിൽ 6400 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചു. ഇതിന് 112 കോടിയുടെ നഷ്ടം കണക്കാക്കുന്നു. 8467 കര്‍ഷകരെയാണ് ബാധിച്ചത്. മടവീഴ്ചയാണ് നെൽകൃഷിക്ക് വിനയായത്. കൊയ്തെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 24 പാടശേഖരങ്ങളിലാണ് മടവീണത്. ഇതുവരെ 9800 ഹെക്ടറിൽ കൊയ്ത്ത് നടന്നു.
ഇനി 16,500 ഹെക്ടറിലാണ് കൊയ്ത്ത് ബാക്കിയുള്ളത്. വേനൽമഴയുടെ ശക്തികുറഞ്ഞെങ്കിലും പലയിടത്തും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. വെള്ളക്കെട്ടാണ് പ്രധാന പ്രശ്നം. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് സാധാരണ ഒന്നരമണിക്കൂറിൽ ഒരേക്കറിലെ നെൽച്ചെടികൾ കൊയ്തെടുക്കാം. ഇക്കുറി കനത്തകാറ്റിലും മഴയിലും നെൽകൃഷി നിലംപൊത്തിയതിനാൽ കൊയ്തെടുക്കാൻ രണ്ടരമണിക്കൂറോളം സമയംവേണ്ടിവന്നു. ഇതിന് പണച്ചെലവ് കൂടുതലാണ്. മഴഭീഷണിയിൽ പലയിടത്തും നെല്ല് പാടത്തുതന്നെ കൂട്ടിയിട്ടാണ് സംഭരിച്ചത്. നെല്ലിന് കൂടുതൽ കിഴിവ് ഏജന്‍റുമാർ ആവശ്യപ്പെട്ടത് കർഷകരും ഏജന്‍റുമാരും തമ്മിൽ തർക്കത്തിനും വഴിയൊരുക്കി. 17 ശതമാനംവരെ ഈർപ്പമാണ് നെല്ലിന് അനുവദനീയം. ഈർപ്പം കൂടുന്നതിന് അനുസരിച്ച് ക്വിന്റലിന് 15 കിലോവരെ കിഴിവ് നൽകണം. കിഴിവിന്‍റെ പേരിൽ സംഭരണം തടസ്സപ്പെടാതിരിക്കാൻ നഷ്ടം സഹിച്ചാണ് ഇക്കുറി കർഷകർ നെല്ല് കൊടുത്തത്.
നെല്ല് കഴിഞ്ഞാൽ ഏറ്റവും നഷ്ടമുണ്ടായത് വാഴകൃഷിയാണ്. 2316.83 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 10.97 കോടി നഷ്ടം കണക്കാക്കുന്നു. 165.4 ഹെക്ടറിലെ പച്ചക്കറി വെള്ളത്തിലായപ്പോൾ നഷ്ടം 68.09 ലക്ഷം.
314.51 ഹെക്ടറിലെ തെങ്ങിനെയും മഴ ബാധിച്ചു. നഷ്ടം 16.19 ലക്ഷം. മരംവീണ് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും ലൈനുകൾ പൊട്ടിയും കെ.എസ്.ഇ.ബിക്ക് 14.33 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ഒരു ട്രാൻസ്‌ഫോർമറും നശിച്ചു.
കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ സർക്കിളിന് പുറമെ ഹരിപ്പാടും നാശമുണ്ടായി. ആളപായവും മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. മരങ്ങൾ വീണ് മൂന്ന് വീട് പൂർണമായും 103 എണ്ണം ഭാഗികമായും തകർന്നു -67.90 ലക്ഷമാണ് നഷ്ടം. ഒമ്പതു പശുക്കൾ, കാലിത്തൊഴുത്ത്, കോഴിക്കൂട് എന്നിവയടക്കം മൃഗസംരക്ഷണ മേഖലയിൽ 6.77 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ഇന്‍ഷ്വർ ചെയ്ത വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യവും പ്രകൃതിക്ഷോഭ ധനസഹായവും വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വേനൽ മഴനാശം വിള, ഹെക്ടർ, നാശം (ലക്ഷത്തിൽ)
• നെല്ല് -7527.03-11286.64
• വാഴ -2316.83-1097.13
• പച്ചക്കറി -165.4-68.09
• തെങ്ങ് -314.51-16.19
• വെറ്റില -7.96-19.9
• ജാതി -0.1-0.07
• കിഴങ്ങ് -32.8-14.76
• എള്ള് -87.4-13.1
• റബർ -2.62-6.21
• കപ്പ -1008.6-131.12
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.