മാരാരിക്കുളം: സൂര്യകാന്തി പൂക്കളുടെ രാജകുമാരനായ കഞ്ഞിക്കുഴിയുടെ കർഷകൻ എസ്.പി. സുജിത്തിന് സംസ്ഥാന യുവജന കമീഷൻ യൂത്ത് ഐക്കൺ അവാർഡ്. കാർഷികരംഗത്ത് നൂതന പരീക്ഷണങ്ങളിലൂടെ വിജയം കണ്ടതിനാണ് അവാർഡ്. കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്തിൽ സൂര്യകാന്തി പാടം സജ്ജമാക്കിയതോടെയാണ് ഈ യുവ കർഷകൻ ശ്രദ്ധ നേടുന്നത്. രണ്ടര ഏക്കറിലെ സൂര്യകാന്തി പാടം വൻ ഹിറ്റായി. കൃഷിയിൽ സുജിത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന വ്യത്യസ്ത പദ്ധതികളാണ് അവാർഡിന് അർഹനാക്കിയത്.
തണ്ണീർമുക്കത്ത് കായലിൽ പോളപ്പായലിന് പുറത്ത് ഒഴുകുന്ന പൂന്തോട്ടം ഒരുക്കിയത് ടൂറിസം മേഖലയിലെ വ്യത്യസ്ത കാഴ്ചക്ക് വഴിയൊരുക്കി. 2022 ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം, 2014-ൽ സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ദിവസവും വിളവെടുപ്പ് ലക്ഷ്യമാക്കിയാണ് കൃഷി.
കഞ്ഞിക്കുഴി നികർത്തിൽ എസ്.പി സുജിത് ഹൈ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞത്. തണ്ണിമത്തനും പൊട്ടുവെള്ളരിയും കുക്കുമ്പറും തുടങ്ങി എല്ലാം കൃഷിയിലും നൂറുമേനിയാണ് വിളവ്. വിളകൾക്ക് ആദ്യമായി ബാർകോഡ് സംവിധാനം തയാറാക്കി ഉൽപന്നങ്ങളിൽ ഒട്ടിച്ച് പുതിയ വിപണന തന്ത്രവും ചെയ്യുന്നുണ്ട്. ഉള്ളി, കിഴങ്ങ് വിളകളിലും പരീക്ഷണം നടത്തി വിജയിച്ചു. വിഷുവിന് കണിവെള്ളരി വിൽപനയാണ് അടുത്ത ലക്ഷ്യം.
വളം ഇട്ട് തടം ഒരുക്കി തുള്ളി നനയ്ക്കായി പൈപ്പിട്ട് ഷീറ്റിട്ട് മൂടിയുള്ള കൃത്യത കൃഷി രീതിയാണ് കൂടുതലും അവലംബിക്കുന്നത്. മാതാവ് ലീലാമണിയും ഭാര്യ അഞ്ജുവും മകൾ കാർത്തികയുമടങ്ങുന്ന കുടുംബം പിന്തുണയുമായി സുജിത്തിനൊപ്പമുണ്ട്.ഇസ്രായേലിൽ കൃഷി പഠനത്തിനായി പോയവരിൽ സുജിത്തും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.