മുംബൈ: മുംബൈ അന്തരാരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത് കോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയർേപാർട്ട് ഹോൾഡിങ്സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണ, നടത്തിപ്പ് കമ്പനിയായ ജി.വി.കെ ഗ്രൂപ്പിൽനിന്നാണ് അദാനി പോർട്ട് വിമാനത്താവളം ഏറ്റെടുത്തത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവള ബോർഡ് മീറ്റിങ്ങിന് ശേഷമായിരുന്നു ഏറ്റെടുക്കൽ. കേന്ദ്രസർക്കാർ, മഹാരാഷ്ട്ര സർക്കാർ, മഹാരാഷ്ട്ര സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (സിഡ്കോ) എന്നിവയുടെ അനുമതികൾ ലഭിച്ചതിന് ശേഷമായിരുന്നു മിയാൽ അദാനി പോർട്ട് ഏറ്റെടുക്കുന്നത്. മിയാൽ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരാകും അദാനി എയർേപാർട്ട് ഹോൾഡിങ്സ്.
ഡൽഹി വിമാനത്താവളം കൂടാതെ രാജ്യത്തെ ഏറ്റവും തിരേക്കറിയ വിമാനത്താവളങ്ങളിലൊന്നാണ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. യാത്ര, ചരക്ക് ഗതാഗതത്തിലും രണ്ടാം സ്ഥാനത്താണ് ഈ വിമാനത്താവളം. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
മുംബൈ വിമാനത്താവളം കൂടാതെ ജയ്പൂർ, അഹ്മദാബാദ്, ഗുവാഹതി, ലഖ്നോ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല.
74 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് കൈക്കലാക്കിയത്. 50.5ശതമാനം ഓഹരികൾ ജി.വി.കെ ഗ്രൂപ്പിൽനിന്നും 23.5 ശതമാനം ഒാഹരികൾ വിേദശകമ്പനികളായ എയർപോർട്ട്സ് കമ്പനി സൗത്ത് ആഫ്രിക്ക, ബിഡ്വെസ്റ്റ് ഗ്രൂപ്പ് എന്നിവയിൽനിന്നുമാണ് വാങ്ങിയത്.
'ലോകോത്തരമായ മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മുംബൈക്ക് അഭിമാനിക്കാനാകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബിസിനസ്, വിനോദം, വിശ്രമം എന്നിവ ഉൾപ്പെടുത്തി അദാനി ഗ്രൂപ്പ് ഒരു ഇക്കോസിസ്റ്റം നിർമിക്കും. പ്രാദേശികമായി ആയിരക്കണക്കിന് തൊഴിലുകൾ നൽകും' -അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.