രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ചു; പ്രമുഖ യൂട്യൂബർക്ക് വൻ പിഴയിട്ട് സെബി, 9.5 കോടി രൂപ തിരിച്ചടക്കണം

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്യാതെ നിക്ഷേപക ഉപദേശക ബിസിനസ് നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കും ചാനലിനുമെതിരെ നടപടി. യൂട്യൂബർ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും ചാനലിനുമെതിരെയാണ്  സെബിയുടെ നടപടി.

2025 ഏപ്രിൽ നാലുവരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും അനധികൃതമായി സമ്പാദിച്ച തുകയായ 9.5 കോടി രൂപ തിരിച്ചടക്കാനും നിർദേശിച്ചു.

നിയമവിരുദ്ധമായ സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ ഭാരതി ഷെയർ മാർക്കറ്റ് മറാത്തി, ഭാരതി ഷെയർമാർക്കറ്റ് ഹിന്ദി എന്നീ രണ്ട് യൂട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തു. രണ്ട് ചാനലിനുമായി ഏതാണ്ട് 19 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്.

രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങൾ, വ്യാപാര ശുപാർശകൾ, നിർവഹണ സേവനങ്ങൾ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്റെ കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായി സെബി കണ്ടെത്തി.

സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്നും ഇടപാടുകാരുടെ മികച്ച താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള വിശ്വസ്ത കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും സെബിയുടെ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - SEBI bans YouTube influencer with 19 lakh-plus subscribers for investment scam; fines Rs 9.5 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.