ബംഗളൂരു: 30 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആ ദമ്പതികൾ നേരെ സമൂസ വിൽക്കാനിറങ്ങി. ഇന്ന് അവരുടെ ഒരു ദിവസത്തെ വരുമാനം 12 ലക്ഷം. ബംഗളൂരുവിലെ ദമ്പതികളായ നിധി സിങ്ങും ശിഖർ വീർ സിങ്ങുമാണ് ഈ കഥയിലെ നായികാനായകന്മാർ. ഹരിയാനയിൽ ബയോടെക്നോളജി ബി.ടെക് പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ശിഖർ ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിൽനിന്ന് എം.ടെക്കും നേടി. പിന്നീട് ബയോകോൺ എന്ന കമ്പനിയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായി ജോലിയിൽ കയറി. ഗുരുഗ്രാമിലെ ഫാർമ കമ്പനിയിൽ 30 ലക്ഷം ശമ്പള പാക്കേജുള്ള ജോലിയാണ് നിധിക്ക് കിട്ടിയത്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽനിന്നുള്ളവരാണ് ഇരുവരുമെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങി സമ്പാദിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സു നിറയെ. പഠനകാലത്തുതന്നെ തന്റെ സ്വപ്നം ശിഖർ പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധി ഉപദേശിച്ചത്. ഒരിക്കൽ നഗരത്തിലൂടെ നടക്കുമ്പോൾ ബേക്കറിയിൽ ഒരു കുട്ടി സമൂസക്കുവേണ്ടി കരയുന്നതു കണ്ടതോടെയാണ് സമൂസ ബിസിനസ് തലയിൽ കയറിയത്.
അങ്ങനെയാണ് 2015ൽ ഇരുവരും ജോലി രാജിവെക്കുന്നത്. പിന്നീട് ബംഗളൂരു ബന്നാർഘട്ട റോഡിൽ ‘സമൂസ സിങ്’ എന്ന പേരിൽ സമൂസ കമ്പനി തുടങ്ങി. ഇലക്ട്രോണിക് സിറ്റിയിലാണ് ഓഫിസ്. സ്ഥാപനത്തിന് വലിയ അടുക്കള ആവശ്യമായി വന്നപ്പോൾ തങ്ങളുടെ വീട് 80 ലക്ഷത്തിന് വിറ്റു. തുടക്കത്തിൽ പലരും നെറ്റിചുളിച്ചെങ്കിലും ഇന്ന് ഈ കമ്പനിയുടെ ദിവസ വരുമാനം 12 ലക്ഷം രൂപയാണ്. നിരവധിപേർക്ക് ഇവർ തൊഴിലും നൽകുന്നു. ആലു മസാല സമൂസ മുതൽ ചീസ് ആൻഡ് കോൺ സമൂസ വരെ നിരവധി ഇനം സമൂസയാണ് ഉണ്ടാക്കി വിൽക്കുന്നത്. വിവിധയിനം പാനിപുരികൾ അടക്കം സ്ട്രീറ്റ് ഫുഡിന്റെ നീണ്ടനിരയുമുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഇനങ്ങളായ വടപാവ്, ഡബ്ലി പാവ്, ആലു സമൂസ പാവ്, ആലു ടിക്കി പാവ് തുടങ്ങിയവയും ഉണ്ട്. ഓൺലൈൻ വിൽപനയും പൊടിപൊടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.