സിയാലിന് 267 കോടി അറ്റാദായം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

നെടുമ്പാശ്ശേരി: കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) 2022-23 267.17 കോടി രൂപ അറ്റാദായം. ഓഹരി ഉടമകൾക്ക് 35 ശതമാനം ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തു. വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്.

സിയാൽ ഗ്രൂപ് ഓഫ് കമ്പനികളുടെ മൊത്തവരുമാനം 1000 കോടിയാക്കി ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കാനും ബോർഡ് തീരുമാനിച്ചു. 2022-23ൽ മൊത്തവരുമാനം 770.90 കോടിയായി ഉയർന്നു. പ്രവർത്തന ലാഭം 521.50 കോടിയാണ്. 2022-23ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവിസുകളും സിയാൽ കൈകാര്യം ചെയ്തു. സിയാലിന്റെ ഉപകമ്പനികളുടെയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടാനും ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായി. ടെർമിനൽ-3 വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ-2ൽ ട്രാൻസിറ്റ് അക്കമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ-3 ന്റെ മുൻഭാഗത്ത് കമേഴ്‌സ്യൽ സോൺ നിർമാണോദ്ഘാടനം എന്നിവയാണ് സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ളത്. ഇവയിൽ ടെർമിനൽ-3ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.

25 രാജ്യങ്ങളിൽനിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരും ഡയറക്ടർമാരുമായ പി. രാജീവ്, കെ. രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി.പി. ജോയി, ഇ.കെ. ഭരത് ഭൂഷൺ, എം.എ. യൂസുഫലി, ഇ.എം. ബാബു, എൻ.വി. ജോർജ്, പി. മുഹമ്മദലി, മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 267 crore net profit for CIAL; Highest profit in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.