കഴിഞ്ഞ നാല്​ വർഷത്തിനിടെ കോടികളുടെ ബാങ്ക്​ തട്ടിപ്പ്​ നടത്തി ഇന്ത്യ വിട്ടവർ 38 പേർ

ന്യൂഡൽഹി: 2015 മുതൽ ഇതുവരെ രാജ്യത്തു നിന്ന് ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നത് 38 പേരെന്ന്​ കേന്ദ്ര സർക്കാർ പാർലമെൻറിൽ അറിയിച്ചു. ഇതില്‍ 20 പേര്‍ക്കെതിരെ എന്‍ഫോഴ്‌സ്​മെൻറ്​ ഡയറക്റ്ററേറ്റ് 2002 ലെ മണി ലെന്‍ഡറിംഗ് ആക്ട് പ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും 14 പേരെ കൈമാറുന്നതിനായി വിവിധ രാജ്യങ്ങളോട് അപേക്ഷിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ്​ താക്കൂര്‍ പറഞ്ഞു.

'1.1.2015 മുതൽ 31.12.2019 വരെയുള്ള കാലയളവിൽ ബാങ്കുകളുമായുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ട 38 പേർ രാജ്യംവിട്ടതായി സിബിഐ അറിയിച്ചിട്ടുണ്ടെന്ന്'​ കോൺഗ്രസ്​ എം.എൽ.എ ഡീൻ കുര്യാക്കോസി​െൻറ ചോദ്യത്തിന്​ മറുപടിയായി അനുരാഗ്​ താക്കൂർ പറഞ്ഞു.

ബിസിനസുകാര്‍ തട്ടിപ്പിലൂടെ വായ്പ നേടുന്നതിനും പിന്നീട് വിദേശത്തേക്ക് കടക്കുന്നതിനും എതിരെ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്റ്റ്, 2018 പോലുള്ള നിയമനിര്‍മാണം അതിനു വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പ് നടത്തുന്നവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളാണ് ഇതിലൂടെ ഉണ്ടാവുക. 50 കോടി രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ കമ്പനിയുടെ ഡയറക്റ്റര്‍മാരുടെയോ പ്രമോട്ടര്‍മാരുടെയോ ഉള്‍പ്പടെയുള്ളവരുടെ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് കോപ്പി വാങ്ങി സൂക്ഷിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചു വരികയാണ്. ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കു പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തില്‍ മുന്നില്‍. 2020 മാര്‍ച്ചിലെ കണക്കു പ്രകാരം കാര്‍ഷികാനുബന്ധ മേഖലകളിലെ വായ്പകളില്‍ 32543 കോടി രൂപയും വ്യവസായ വായ്പയില്‍ 74922 കോടി രൂപയും റീറ്റെയ്ല്‍ വായ്പകളില്‍ 39976 കോടി രൂപയും നിഷ്‌ക്രിയ ആസ്തിയുടെ പട്ടികയിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് തൊട്ടുപിന്നില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.