അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി 17ന് കേൾക്കും

ന്യൂഡൽഹി: ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവിൽ നിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികൾ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ സമർപ്പിച്ച ഹരജി കേൾക്കാമെന്ന് സുപ്രീംകോടതി. അടിയന്തിരമായി കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ 10 ദിവസം കഴിഞ്ഞ് കേൾക്കാമെന്നായിരുന്നുചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആദ്യം പറഞ്ഞത്. എന്നാൽ, അഭിഭാഷകൻ നിർബന്ധിച്ച​പ്പോൾ ഹിൻഡൻബർഗിനെതിരെ അന്വേഷണത്തിന് സമർപ്പിച്ച ഹരജിക്കൊപ്പം ​17ന് കേൾക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

അദാനി -ഹിൻഡൻബർഗ് വിവാദത്തിൽ വിദഗ്ധ സമിതിയുണ്ടാക്കാൻ സുപ്രീംകോടതിയും കേന്ദ്ര സർക്കാറും പരസ്പര ധാരണയിലെത്തിയതിന് പിന്നാലെയാണ് ഹിൻഡൻബർഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾക്കൊപ്പം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോൺഗ്രസ് നേതാവിന്റെ ഹരജിയും ചേർത്തുകേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.

അദാനിയുടെ ഓഹരി വില ഇടിയാൻ കാരണമായ അമേരിക്കൻ ​ഷോർട്ട് സെല്ലിങ് കമ്പനി ഹിൻഡൻബർഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹരജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്. ഗൗതം അദാനിക്കെതിരെ ആരോപണങ്ങളുയർത്തിയ ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരിയും ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിലുള്ള നഥാൻ ആൻഡേഴ്സണെതിരെ അ​ന്വേഷണം ആവശ്യപ്പെട്ട് അഡ്വ. മനോഹർ ലാൽ ശർമയും സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി പർദീവാല എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്നത്.

എന്നാൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അദാനിക്കെതിരായ അന്വേഷണത്തിനൊപ്പം അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒയിൽ ലൈഫ് ഇൻഷൂറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽ.ഐ.സി)യും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യും 1,800 വിപണി വിലയുള്ള ഓഹരി 3,200 രൂപ വാങ്ങിയതിനെ കുറിച്ചും അന്വേഷണം വേണമെന്ന് ജയ ഠാക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

അദാനി ഗ്രൂപ് ഹവാല വഴി പണമെത്തിക്കുന്നതിന് മൗറീഷ്യസ്, സൈപ്രസ്, യു.എ.ഇ, സിംഗപ്പൂർ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഷെൽ കമ്പനികളുണ്ടാക്കിയിട്ടുണ്ടെന്നും 1992ലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയമം നഗ്നമായി ലംഘിച്ചിട്ടും സെബിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഒരു തരത്തിലു​ള്ള അന്വേഷണവും അദാനി ഗ്രൂപ്പിനെതിരെ നടത്തിയിട്ടില്ലെന്നും ജയ ഠാക്കൂർ ബോധിപ്പിച്ചു.

Tags:    
News Summary - Adani-Hindenburg Rout: Supreme Court Hearing On Fresh PIL By Congress Leader On February 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.