ന്യൂഡൽഹി: ഭൂരിഭാഗം ഓഹരികളും കൈയടക്കി മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിയിൽ പിടിമുറുക്കാൻ അദാനി ഗ്രൂപ്. എൻ.ഡി.ടി.വിയുടെ 26 ശതമാനം (1.67 കോടി) ഓഹരി സ്വന്തമാക്കാൻ പ്രഖ്യാപിച്ച ഓപൺ ഓഫറിലൂടെ 8.26 ശതമാനം ഓഹരികളാണ് ഗൗതം അദാനി സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 294 രൂപ വീതം നൽകി ഏറ്റെടുക്കാൻ നവംബർ 22ന് ആരംഭിച്ച ഓപൺ ഓഫർ തിങ്കളാഴ്ച അവസാനിക്കും.
നവംബർ 21ന് 382.80 രൂപയായിരുന്ന ഓഹരി വില വെള്ളിയാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 411.40 രൂപയായി. കോർപറേറ്റ് ഓഹരിയുടമകളുടെ 39.34 ലക്ഷം, വ്യക്തിഗത ഓഹരിയുടമകൾ ഏഴ് ലക്ഷം, സ്ഥാപന ഓഹരിയുടമകൾ 6.86 ലക്ഷം ഓഹരികളും അടക്കം 53.28 ലക്ഷം (8.26 ശതമാനം) ഓഹരികളാണ് അദാനിയുടെ കൈവശമെത്തിയത്.
ഏറ്റെടുക്കലിലൂടെ നേരത്തേ 29.18 ശതമാനം ഓഹരികൾ ലഭിച്ചതിനാൽ ആകെ ഓഹരി 37.44 ശതമാനമാകും. സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും കൈവശമുള്ള 32.26 ശതമാനത്തേക്കാൾ കൂടുതലാണിത്. അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലിന് മുമ്പ് പ്രമോട്ടർമാർ 61.45 ശതമാനം ഓഹരികൾ കൈവശം െവച്ചിരുന്നു. ഇതിൽ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശം 29.18 ശതമാനം ( 1.88 കോടി ഓഹരികൾ) ആണുണ്ടായിരുന്നത്.
ആഗസ്റ്റിൽ അദാനി ഗ്രൂപ് ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. തുടർന്നാണ് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപൺ ഓഫർ പ്രഖ്യാപിച്ചത്. 29.18 ശതമാനത്തിന് പുറമേ ഈ 26 ശതമാനം കൂടി സ്വന്തമാക്കാനാണ് ശ്രമിച്ചത്. 8.26 ശതമാനം ഓഹരി കൂടി ലഭിച്ചതോടെ ഡയറക്ടർ ബോർഡിൽ രണ്ട് ഡയറക്ടർമാരെയും നിയമിക്കാൻ ഇതോടെ അദാനിക്ക് കഴിയും. പ്രണോയ് റോയ് നിലവിൽ എൻ.ഡി.ടി.വിയുടെ ചെയർപേഴ്സനും ഭാര്യ രാധിക എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്. പ്രണോയിക്ക് 15.94 ശതമാനവും രാധികക്ക് 16.32 ശതമാനം ഓഹരിയുമുണ്ട്. അതിനാൽ ഇവർക്ക് ഡയറക്ടറായി തുടരാനാകും. ആർ.ആർ.പി.ആർ ഡയറക്ടർ ബോർഡിൽനിന്ന് ഇരുവരും കഴിഞ്ഞ ആഴ്ച രാജി പ്രഖ്യാപിച്ചെങ്കിലും അവർ എൻ.ഡി.ടി.വി ഡയറക്ടർ ബോർഡിൽ തുടരുകയാണ്.
എൻ.ഡി.ടി.വിയെ ഒരു അന്താരാഷ്ട്ര മാധ്യമ ഗ്രൂപ്പാക്കി മാറ്റാൻ ലക്ഷ്യമിടുന്നതായും പ്രണോയ് റോയിയോട് അധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ടതായും അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അദാനിയുടെ വാഗ്ദാനം അംഗീകരിച്ചാൽ റോയിക്ക് ചെയർമാനായി തുടരാം.
എന്നാൽ, അദ്ദേഹം രാജിവെക്കാൻ തീരുമാനിച്ചാൽ ചെയർപേഴ്സണെ നിയമിക്കാനുള്ള അവകാശം അദാനി ഗ്രൂപ്പിന് ലഭിക്കും. മൗറീഷ്യസ് ആസ്ഥാനമായ എൽ.ടി.എസ് ഇൻവെസ്റ്റ്മെന്റ് ന്റെ കൈവശം 9.75 ശതമാനം ഓഹരിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.