ന്യൂഡൽഹി: അടുത്തിടെ സർവിസ് ആരംഭിച്ച ആകാശ എയറിൽനിന്ന് വിവരങ്ങൾ ചോർന്നു. ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ അടക്കമാണ് അജ്ഞാതൻ ചോർത്തിയത്. വിവരങ്ങൾ ചോരാനിടയായതിൽ എയർലൈൻ ഗുണഭോക്താക്കളോട് മാപ്പുപറഞ്ഞു. ഇതുസംബന്ധിച്ച് നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന് പരാതി നൽകിയതായും അധികൃതർ അറിയിച്ചു.
ഈ മാസം 25ന് കമ്പനിയുടെ ലോഗിനിലും സൈൻഅപ് സർവിസിലും സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടിരുന്നു. അതിനാൽ യാത്രക്കാർ രജിസ്ട്രേഷന് നൽകുന്ന പേര്, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ അജ്ഞാതനായ മറ്റൊരാൾ കണ്ടിരിക്കാമെന്നും എയർലൈൻ വൈബ്സൈറ്റിൽ വ്യക്തമാക്കി. എന്നാൽ, ഗുണഭോക്താക്കളുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തങ്ങൾ ഉറപ്പുവരുത്തിയതായും കമ്പനി അവകാശപ്പെട്ടു. പ്രശ്നം ശ്രദ്ധയിൽപെട്ടതോടെ ഇത് പ്രതിരോധിക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഈ മാസം ഏഴിനാണ് ആകാശ എയർ വിമാന സർവിസ് ആരംഭിച്ചത്. കമ്പനിയുടെ പ്രധാന നിക്ഷേപകരിലൊരാളായ രാകേഷ് ജുൻജുൻവാല ഈയിടെ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.