സ്വകാര്യ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവർ താരിഫ് നിരക്കുകളിൽ വർധന വരുത്തിയപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്. കമ്പനികൾ നിരക്ക് കൂട്ടിയതിന് ശേഷം ബി.എസ്.എൻ.എല്ലിന് 27.5 ലക്ഷം ഉപയോക്താക്കളെ അധികമായി ലഭിച്ചുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനികൾ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഘർ വാപ്പസി ടു ബി.എസ്.എൻ.എൽ, ബോയ്കോട്ട് ജിയോ കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടര ലക്ഷം പേരാണ് ചാർജ് വർധനക്ക് ശേഷം മറ്റ് കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്ത് എത്തിയത്. 25 ലക്ഷം പുതിയ കണക്ഷനുകളാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചത്.
ഇതോടെ 27.5 ലക്ഷം കണക്ഷനുകൾ ചുരുങ്ങിയ കാലയളവിൽ ലഭിച്ചു. 365 ദിവസത്തേക്കുള്ള എയർടെല്ലിന്റേയും ജിയോയുടേയും പ്ലാനിന് നിലവിൽ 3599 രൂപ നൽകേണ്ടി വരും. എന്നാൽ, 395 ദിവസത്തേക്ക് ജിയോയും എയർടെല്ലും നൽകുന്ന ആനുകൂല്യങ്ങൾക്ക് സമാനമായ പ്ലാനിന് ബി.എസ്.എൻ.എൽ 2395 രൂപ നൽകിയാൽ മതിയാകും. ഒരു മാസത്തേക്കുള്ള സ്വകാര്യ ടെലികോം കമ്പനികളുടെ പ്ലാനുകളെല്ലാം 200 രൂപയിലാണ് ആരംഭിക്കുന്നത്. എന്നാൽ, ബി.എസ്.എൻ.എല്ലിൽ 108 രൂപക്ക് തന്നെ പ്ലാനുകൾ ആരംഭിക്കും.
ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് ബി.എസ്.എൻ.എൽ. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിന് ബി.എസ്.എൻ.എല്ലിന് തടസം. 4ജി മൊബൈൽ സേവനങ്ങൾ ഇനിയും പൂർണമായും ആരംഭിക്കാൻ ബി.എസ്.എൻ.എല്ലിന് കഴിഞ്ഞിട്ടില്ല. 5ജിയിലേക്ക് ചുവടുവെക്കാൻ കമ്പനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.