കട്ടപ്പന: പുതുവർഷത്തിൽ ഏലം കർഷകരുടെ പ്രതീക്ഷ ഉയർത്തി സുഗന്ധറാണിയുടെ വില വീണ്ടും ഉയരുന്നു. ഒരുകിലോഗ്രാം ഏലത്തിന്റെ കൂടിയ വില 2,622 രൂപയിലെത്തി. പുറ്റടി സ്പൈസസ് പാർക്കിൽ പുതുവർഷ ദിനത്തിൽ നടന്ന ശാന്തൻപാറ കാർഡമം പ്ലാന്റേഴ്സ് അസോസിയേഷൻ (സി.പി.എ) കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ആകെ 52,806.3 കിലോഗ്രാം ഏലക്ക ലേലത്തിന് പതിച്ചതിൽ 47,725.6 കിലോഗ്രാം വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 2,622 രൂപയും ശരാശരി വില കിലോഗ്രാമിന് 1,668.64 രൂപയും കർഷകർക്ക് ലഭിച്ചു.
ഒരുമാസമായി ഏലത്തിന്റെ വിലയിൽ ഉയർച്ച സൂചനകൾ കണ്ടുതുടങ്ങിയിട്ട്. വിളവെടുപ്പ് സീസൺ അവസാനിക്കാറായതും ആഭ്യന്തര മാർക്കറ്റിൽ ഡിമാൻഡ് ഉയർന്നതുമാണ് ഇപ്പോഴത്തെ വിലവർധനക്ക് കാരണം. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്കില്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. സ്പൈസസ് ബോർഡിന്റെ ഓൺലൈൻ ലേലത്തിൽ ഏലത്തിന്റെ വില ഉയർന്നതോടെ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, അടിമാലി കുമളി ലോക്കൽ മാർക്കറ്റിലും ഏലത്തിന്റെ കൈവിലയും ഉയർന്നു. ശരാശരി വില കിലോഗ്രാമിന് 1,675 മുതൽ 1,800 രൂപ വരെ ഉയർന്നിട്ടുണ്ട്.
നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലക്ക കിലോഗ്രാമിന് 2,200 രൂപക്ക് വരെ വാങ്ങാൻ കച്ചവടക്കാർ തയാറാണ്. ഇന്ത്യയിലെ ഏലം ഉൽപാദനത്തിന്റെ കുത്തകയുള്ള ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിൽ ഏലം വിലയിൽ ഉണ്ടായ ഉയർച്ച ഈ വർഷം കർഷകവ്യാപാര മേഖലക്ക് ഉണർവ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.