കട്ടപ്പന: ഏലത്തിന്‍റെ ശരാശരി വില കിലോഗ്രാമിന് 1700 രൂപക്ക് മുകളിലേക്ക് ഉയർന്നതോടെ കർഷകർ വീണ്ടും പ്രതീക്ഷയിൽ. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തിയത്. കൂടിയ വില 2647 രൂപയും കുറഞ്ഞ വില 1450 രൂപയുമാണ്.അതേസമയം, സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചിരുന്നതിനാൽ വിലവർധനയുടെ പ്രയോജനം കർഷകർക്ക് കാര്യമായി ലഭിക്കില്ല. ഇപ്പോൾ ഓഫ് സീസണായതിനാൽ ഉൽപാദനം തീരെയില്ലാത്ത സാഹചര്യമാണ്.
പുറ്റടി സ്‌പൈസസ് പാർക്കിൽ വെള്ളിയാഴ്ച നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ആകെ 81718.1 കിലോഗ്രാം ഏലക്ക ലേലത്തിന് പതിച്ചതിൽ 76883.4 കിലോഗ്രാം വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 2647 രൂപയും ശരാശരി വില കിലോഗ്രാമിന് 1710.67 രൂപയും കർഷകർക്ക് ലഭിച്ചു.
ഒരാഴ്ചയായി വില ഉയർച്ചയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ട്. വിളവെടുപ്പ് സീസൺ അവസാനിക്കാറായതും ആഭ്യന്തര മാർക്കറ്റിൽ ഡിമാൻഡ് ഉയർന്നതുമാണ് വിലവർധനക്ക് കാരണം. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന. ഏതാനും വർഷങ്ങളായി 1000 രൂപക്ക് താഴെയാണ് വില ലഭിച്ചിരുന്നത്. 1500 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി നഷ്ടമില്ലാതെ മുന്നോട്ടുപോകാൻ കഴിയൂ.
കയറ്റുമതി ഇടിഞ്ഞതാണ് പ്രധാനമായും വിലത്തകർച്ചക്ക് ഇടയാക്കിയത്. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലം കയറ്റുമതി. 2020ൽ ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ലും കയറ്റുമതി 1500 മെട്രിക് ടണ്ണിൽ താഴെയായിരുന്നു. എന്നാൽ, ഈവർഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിപണിയിൽനിന്നുള്ള റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.