ഹൈദരാബാദ്: എട്ടു പൊതുമേഖല ബാങ്കുകളിൽനിന്നായി 4,837കോടി കടമെടുത്ത് മുങ്ങിയ ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ സി.ബി.ഐ അന്വേഷണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.വി.ആർ.സി.എൽ ലിമിറ്റഡിനെതിരെയാണ് അന്വേഷണം.
25 വർഷമായി അടിസ്ഥാന വികസനമേഖലയിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയാണിത്. ജലം- പരിസ്ഥിതി, ജലസേചനം, ഗതാഗതം, കെട്ടിട വ്യവസായ നിർമാണം, വൈദ്യുതി വിതരണം, ഖനനം തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ.
കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഇ. സുധീർ റെഡ്ഡി, േജായിന്‍റ് മാനേജിങ് ഡയറക്ടർ ആർ. ബൽറാം റെഡ്ഡി, മറ്റു ഉടമകൾ എന്നിവർക്കെതിരെയാണ് കേസ്.
സ്റ്റേറ്റ് ബാങ്ക് ഇന്ത്യ നേതൃത്വം നൽകുന്ന ഐ.ഡി.ബി.ഐ, കാനറ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, എക്സിം ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നാണ് വായ്പ എടുത്തത്.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എസ്.ബി.ഐ പരാതി നൽകുകയായിരുന്നുവെന്ന് സി.ബി.ഐ വക്താവ് ആർ.കെ. ഗൗർ പറഞ്ഞു. ബുധനാഴ്ച സി.ബി.ഐ, ഓഫിസിലും ഉടമകളുടെ വീട്ടിലും റെയ്ഡ് നടത്തി. വായ്പ തട്ടിപ്പിന് പുറമെ കമ്പനിയുടെ വിവിധ അക്കൗണ്ടുകളിൽ തിരിമറി നടത്തിയതിന്‍റെയും രേഖകൾ കണ്ടെത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.