ന്യൂഡൽഹി: എസ്.ബി.ഐ, പി.എൻ.ബി ബാങ്കുകളുമായുള്ള മുഴുവൻ ഇടപാടുകളും നിർത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവക്കാണ് നിർദേശം ബാധകം. ഫിനാൻസ് സെക്രട്ടറി പി.സി ജാഫറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
സെപ്റ്റംബർ 20നുള്ളിൽ ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് നിക്ഷേപം തിരികെ പിടിക്കണമെന്നാണ് ഉത്തരവ്. രണ്ട് ബാങ്കുകളിലും ഉണ്ടായ ക്രമക്കേടുകളാണ് ഇത്തരമൊരു നിർദേശത്തിന് കർണാടക സർക്കാറിനെ പ്രേരിപ്പിച്ചതെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.
കർണാടക സർക്കാർ പറയുന്നത് പ്രകാരം കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്പ്മെന്റ് ബോർഡ് പി.എൻ.ബി ബാങ്കിൽ 25 കോടി രൂപ ഒരു വർഷത്തേക്ക് സ്ഥിരനിക്ഷേപമിട്ടു. 2021ൽ രാജാജിനഗർ ബ്രാഞ്ചിലായിരുന്നു നിക്ഷേപം. ഇതിന് രണ്ട് റസീപ്റ്റുകളും നൽകി. 12 കോടിയുടേയും 13 കോടിയുടേയും രണ്ട് റസീപ്റ്റുകളാണ് നൽകിയത്. എന്നാൽ, കാലാവധി പൂർത്തിയായതിന് ശേഷം ഇതിൽ 13 കോടി രൂപ ബാങ്ക് തിരികെ നൽകാൻ തയാറായില്ല. ബാങ്കിലെ ജീവനക്കാർ പണം തട്ടിയെടുത്തുവെന്നും എന്നാൽ, റീഫണ്ട് നൽകാൻ അവർ തയാറായില്ലെന്നും കർണാടക ആരോപിച്ചു.
സമാനമായ തട്ടിപ്പാണ് എസ്.ബി.ഐയിലും നടന്നത്. കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരുവിൽ 10 കോടി രൂപയായാണ് നിക്ഷേപിച്ചത്. 2013 ആഗസ്റ്റിലായിരുന്നു പണം നിക്ഷേപിച്ചത്. കാലാവധി പൂർത്തിയായതിന് ശേഷം പണം തിരികെയെടുക്കാൻ ചെന്നപ്പോൾ സ്വകാര്യ കമ്പനി വ്യാജ രേഖകളുണ്ടാക്കി അത് തട്ടിയെടുത്തുവെന്ന് മനസിലായി.
എന്നാൽ, തട്ടിപ്പ് നടന്നിട്ടും റീഫണ്ട് നൽകാൻ എസ്.ബി.ഐയും തയാറായില്ല. ഇതേതുടർന്നാണ് രണ്ട് ബാങ്കുകളിലേയും അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ കർണാടക സർക്കാർ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.