ന്യൂഡൽഹി: പ്രകൃതി വാതകങ്ങളുടെ നിരക്ക് വർധനയെത്തുടർന്ന് തലസ്ഥാനത്ത് സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്), വീടുകളിലേക്ക് പൈപ്പ് വഴിയുള്ള പ്രകൃതി വാതകം(പി.എൻ.ജി) എന്നിവയുടെ വില കൂടി. മൂന്നുരൂപ വീതമാണ് വർധിച്ചത്. സി.എൻ.ജി വില കിലോഗ്രാമിന് 75.61ൽനിന്ന് 78.61 ആയും പി.എൻ.ജിക്ക് ക്യുബിക് മീറ്ററിന് 50.9ൽനിന്ന് 53.9 ആയും വർധിച്ചതായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇവ വിതരണം ചെയ്യുന്ന ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
സി.എൻ.ജിക്ക് നാലുമാസത്തിനിടെയും പി.എൻ.ജിക്ക് രണ്ടുമാസത്തിനിടെയുമുള്ള ഏറ്റവും കൂടിയ വില വർധനയാണിത്. സി.എൻ.ജിക്ക് മാർച്ച് ഏഴുമുതൽ 14 തവണയാണ് വില വർധിച്ചത്. കഴിഞ്ഞ മേയ് 21ന് കിലോക്ക് രണ്ടുരൂപ വർധിച്ചിരുന്നു. 2021 ഏപ്രിൽ മുതൽ സി.എൻ.ജി വില 80 ശതമാനമാണ് വർധിച്ചത്. പി.എൻ.ജിക്ക് 2021 മുതൽ 10ാമത്തെ വിലവർധനവാണിത്. ഇക്കാലയളവിൽ പി.എൻ.ജിക്ക് 91 ശതമാനം വില വർധിച്ചു. ഡൽഹിയിലെ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഉത്തർപ്രദേശിലെ കാൺപുർ, രാജസ്ഥാനിലെ അജ്മീർ എന്നിവിടങ്ങളിൽ വില വർധിച്ചു. ഈ മാസം ഒന്നുമുതൽ പ്രകൃതിവാതകത്തിന്റെ വില സർക്കാർ 40 ശതമാനം വർധിപ്പിച്ചതാണ് സി.എൻ.ജി, പി.എൻ.ജി വില വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.