നാളികേരോൽപന്നങ്ങൾക്ക്‌ കാലിടറുന്നു

അയൽ സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നതും വെളിച്ചെണ്ണക്ക്‌ പ്രാദേശിക ആവശ്യം കുറഞ്ഞതും നാളികേര മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വീണ്ടും ഉയർന്നതും അതിന് കാരണമാണ്.

സംസ്ഥാനത്ത്‌ കൊപ്രക്ക്‌ 10,000 രൂപയുടെ നിർണായക താങ്ങ്‌ കഴിഞ്ഞാഴ്ച നഷ്‌ടപ്പെട്ടത്‌ കർഷരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ്‌ വിപണിക്ക്‌ കൂടുതൽ മികവ്‌ സമ്മാനിക്കുമെന്ന നിഗമനത്തിൽ ഉയർന്ന അളവിൽ കൊപ്ര ശേഖരിച്ചിട്ടുള്ള ഗ്രാമീണ മേഖല അൽപം പിരിമുറുക്കത്തിലാണ്‌. ഈ വർഷം താങ്ങുവിലക്ക്‌ കൊപ്ര സംഭരിക്കാൻ സർക്കാർ ഏജൻസി താൽപര്യം കാണിക്കാഞ്ഞതും നാളികേര കർഷകർക്ക്‌ തിരിച്ചടിയായി. വാരാന്ത്യം കൊപ്ര 9900ലേക്ക്‌ താഴ്‌ന്നു.

അയൽ സംസ്ഥാനങ്ങളിലെ വൻകിട തോട്ടങ്ങളിൽ വിളവെടുപ്പ്‌ രംഗം സജീവമായതിനാൽ പച്ചതേങ്ങ വിൽപനക്ക്‌ ഇറങ്ങുന്നുണ്ട്‌. ഏതാനും മാസങ്ങളായി തുടരുന്ന കൊപ്ര സംഭരണം അടുത്ത രണ്ടാഴ്‌ചകളിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്‌ തമിഴ്‌നാട്‌. ഇതിനകം 80,000 ടൺ കൊപ്ര കർഷകരിൽ നിന്ന് താങ്ങുവിലക്ക്‌ സംഭരിച്ച അവർ ഏകദേശം 10,000 ടൺ കൂടി ശേഖരിക്കാമെന്ന നിലപാടിലാണ്‌. എന്നാൽ, അവിടെ സംഭരണം അവസാനിക്കുന്നതോടെ വിപണി ആടിയുലയാനാണ് സാധ്യത.

കുരുമുളക് വില പിന്നിട്ടവാരം ക്വിൻറലിന്‌ 1400 രൂപ ഉയർന്നെങ്കിലും വിൽപനക്കാർ കുറവാണ്‌. രണ്ടോ മൂന്നോ മാസം കാത്തിരുന്നാൽ നല്ല വില ഉറപ്പുവരുത്താനാകുമെന്ന നിലപാടിൽ കർഷകർ ചരക്ക്‌ പിടിക്കുന്നതായി വ്യാപാരികൾ. അതേസമയം ഉൽപന്ന വില ഇടിക്കാൻ ഒരുവിഭാഗം അന്തർസംസ്ഥാന ഇടപാടുകാർ കുതന്ത്രങ്ങൾ പലതും പയറ്റുന്നുണ്ടെങ്കിലും കർഷകർ ചരക്കിൽ പിടിമുറുക്കിയത്‌ നാടൻ മുളക്‌ ലഭ്യത കുറച്ചു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്‌ ചെറുകിട കർഷകർ സ്‌റ്റോക്ക്‌ ഇറക്കുന്നില്ല. മുളകിൽ നനവ്‌ തട്ടിയാൽ ജലാംശതോത്‌ ഉയരും. ഇത്തരം ചരക്കുമായി വിപണിയിൽ എത്തിയാൽ വാങ്ങലുകാർ ഇതേ കാരണം ആരോപിച്ച്‌ വില ഇടിക്കുമെന്നാണ്‌ ഉൽപാദകരുടെ പക്ഷം. ചരക്കുക്ഷാമം അനുഭവപ്പെട്ടതോടെ കൊച്ചിയിൽ ഗാർബിൾഡ്‌ കുരുമുളക്‌ വില 59,200 രൂപയിൽ നിന്നും 60,600 രൂപയായി.

ടോക്കോമിൽ റബർ വില നാല്‌ മാസത്തിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ, ബാങ്കോക്കിൽ റബർ 200 രൂപക്ക്‌ മുകളിൽ. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങൾ ചൂടുപിടിച്ചതോടെ ഇന്ത്യൻ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ താൽപര്യം കാണിച്ചു.

തായ്‌ലൻഡിൽ മഴ ശക്തമായതിനാൽ റബർ ടാപ്പിങ്ങിലെ പ്രതിസന്ധി ഉടനെ വിട്ടുമാറില്ലെന്ന്‌ വ്യക്തമായതിനൊപ്പം സംസ്ഥാനത്തും മഴ സജീവമായത്‌ വ്യവസായികളെ അസ്വസ്ഥരാക്കി. നാലാം ഗ്രേഡ്‌ റബർ വില 18,200 രൂപയിൽ നിന്നും 18,700 ലേക്കും അഞ്ചാം ഗ്രേഡ്‌ 400 രൂപ ഉയർന്ന്‌ 18,400ലുമെത്തി.

ഏലക്ക വില വാരത്തിന്റെ തുടക്കത്തിൽ അൽപം തളർന്ന അവസരത്തിൽ കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ചരക്ക്‌ സംഭരണത്തിൽ കാണിച്ച ഉത്സാഹം നിരക്ക്‌ മെച്ചപ്പെടുത്തി. അതേ സമയം പിന്നീട്‌ ഉൽപാദന മേഖലയിൽ മഴ ലഭ്യമായതിനാൽ സീസൺ ജൂൺ-ജൂലൈയിൽ ആരംഭിക്കുമെന്ന സൂചനകൾ സ്‌റ്റോക്കിസ്‌റ്റുകളെ വിൽപനക്കാരാക്കാം. ശരാശരി ഇനങ്ങൾ കിലോ 2220 രൂപയിലും മികച്ചയിനങ്ങൾ 2868 രൂപയിലുമാണ്‌.

Tags:    
News Summary - Coconut products are losing ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.