വാഷിങ്ടൺ: കോവിഡ് വാക്സിൻ ഒരു വർഷം കൊണ്ട് ലഭ്യമായേക്കുമെന്ന് ലോകസമ്പന്നനും മൈക്രോസോഫ്റ്റ് തലവനുമായ ബിൽഗേറ്റ്സ്. മഹാമാരിയെ 2021 അവസാനത്തോടെ സമ്പന്ന രാജ്യങ്ങളിൽ നിന്നും 2022 ഒാടെ വിസ്വര രാജ്യങ്ങളിൽ നിന്നും തുടച്ചുനീക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ കോവിഡ് മൂലം രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർഷങ്ങളെടുക്കുമെന്നും ബിൽ ഗേറ്റ്സ് അമേരിക്കൻ മാഗസിനായ വയേർഡന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതിസമ്പന്ന രാജ്യങ്ങൾക്ക് 2021ഒാടെ കോവിഡിനെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും. എന്നാൽ, മറ്റുള്ള രാജ്യങ്ങൾക്ക് 2022 അവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. -ബിൽഗേറ്റ്സ് പറഞ്ഞു.
കോവിഡ് അടക്കമുള്ള മാരക രോഗങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള വാക്സിൻ പരീക്ഷണങ്ങൾക്ക് ഭീമൻ തുക ഫണ്ട് നൽകിവരുന്നയാൾ കൂടിയാണ് ബിൽഗേറ്റ്സ്. കോവിഡ് വാക്സിനിൽ പരീക്ഷണം നടത്തുന്ന ഏഴിലധികം കമ്പനികൾക്ക് ബിൽഗേറ്റ്സ് ഫാക്ടറികൾ നിർമിച്ചു നൽകിയിരുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ഇൻറർനാഷണൽ വാക്സിൻ അലയൻസും ചേർന്ന് പുനെ അടിസ്ഥാനമാക്കിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യക്ക് 150 മില്യൺ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലേക്ക് 2021ഒാടെ വാക്സിൻ എത്തിക്കാനായി 100 മില്യൺ ഡോസ് നിർമിക്കാനാണ് കരാർ.
അതേസമയം ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ ദ്രുതഗധിയിൽ വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനെ ബിൽഗേറ്റ്സ് വിമർശിച്ചു. ചൈനയും റഷ്യയും സുരക്ഷിതമാണോ എന്ന് പരിശോധിക്കാതെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നുണ്ടോ എന്ന് ഭയപ്പെടുന്നതായും അമേരിക്ക അതിന് മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.